20 ഭാര്യമാർ, 104-മക്കൾ144 കൊച്ചുമക്കൾ, അപ്പൻ പറഞ്ഞു മോനെ ഇഷ്ടം പോലെ കെട്ടിക്കോളൂ

സ്വന്തം കുലം സംരക്ഷിക്കാന്‍ ഇത്രയധികം റിസ്‌കെടുക്കാന്‍ തയ്യാറാകുന്ന മനുഷ്യരുണ്ടോ എന്ന് ചിന്തിച്ചുപോകും ടാന്‍സാനിയയിലെ എംസി ഏണസ്‌റ്റോ മുയിനുചി കപിംഗയുടെ കഥ കേട്ടാല്‍. കുടുംബം നിലനിര്‍ത്താന്‍ പിതാവ് നല്‍കിയ ഉപദേശം അതേപടി അനുസരിച്ച് ജീവിക്കുകയാണ് കപിംഗ. ഇരുപത് പേരെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. ഇപ്പോള്‍ 16 ഭാര്യമാര്‍ക്കും ഏഴ് സഹോദരിമാര്‍ക്കുമൊപ്പമാണ് കപിംഗയുടെ ജീവിതം. 104 മക്കളും 144 പേരക്കുട്ടികളുമായി ജോംബെ എന്ന ചെറുഗ്രാമത്തില്‍ സ്വന്തമായൊരു ‘കുടുംബസാമ്രാജ്യം’ തന്നെ ഉണ്ടാക്കിയെടുത്തിരിക്കുകയാണ് കപിംഗ.

ചെറിയൊരു ഗോത്രമായിരുന്നു കപിംഗയുടേത്. തങ്ങളുടെ ഗോത്രം വിപുലീകരിക്കണമെന്നുള്ള ആഗ്രഹം കപിംഗയുടെ പിതാവ് പലയാവര്‍ത്തി മകനോട് പ്രകടിപ്പിച്ചു. അച്ഛന്റെ ആഗ്രഹം നിറവേറ്റമെന്ന് കപിംഗ മനസ്സിലുറപ്പിക്കുകയും ചെയ്തു. 1961 ല്‍ പല ആഫ്രിക്കന്‍ രാജ്യങ്ങളിലും സ്വാതന്ത്ര്യസമരം നടക്കുമ്പോള്‍ കപിംഗ ആദ്യത്തെ വിവാഹം കഴിച്ചു. 1962 ല്‍ ആദ്യത്തെ കുഞ്ഞുണ്ടാകുകയും ചെയ്തു. ഇതായിരുന്നു പിന്നീട് കുടുംബം വലുതാക്കാനുള്ള കപിംഗയുടെ യാത്രയുടെ തുടക്കം.

എന്നാല്‍, ഒരു ഭാര്യയുമായി ഒതുങ്ങിക്കഴിയാന്‍ കപിംഗയുടെ പിതാവ് സമ്മതിച്ചില്ല. മകന്‍ കൂടുതല്‍ വിവാഹം കഴിച്ച് കുടുംബം വിപുലീകരിക്കണമെന്നായിരുന്നു അച്ഛന്. അതിനായി കപിംഗയെ പ്രേരിപ്പിക്കുകയും ചെയ്തു. അഞ്ച് ഭാര്യമാര്‍ക്കുള്ള സ്ത്രീധനവും കപിംഗയുടെ പിതാവാണ് നല്‍കിയത്. “ഞങ്ങളുടെ കുടുംബത്തിന്റെ പേര് കാലാകാലം നിലനില്‍ക്കണമെന്ന് അച്ഛന്‍ ആഗ്രഹിച്ചു, ആ ആഗ്രഹത്തിനായി എന്നെക്കൊണ്ടാകുന്നത് ഞാന്‍ ചെയ്തു”, അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കപിംഗ പറഞ്ഞു.

വലിയ കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കായി സ്വയം പര്യാപ്തത നേടണമെന്നതിന് കപിംഗ മുന്‍തൂക്കം നല്‍കി. മൊത്തം കുടുംബത്തിന്റേയും ഭക്ഷണത്തിനായുള്ള കൃഷിയും കന്നുകാലികളുടെ പരിപാലനവും കുടുംബത്തിലെ എല്ലാവരും ചേര്‍ന്ന് നോക്കിനടത്തുന്നു. ചോളം, പയറുവര്‍ഗ്ഗങ്ങള്‍, മരിച്ചീനി, വാഴപ്പഴം തുടങ്ങിയയെല്ലാം കപിംഗയുടെ കുടുംബം കൃഷി ചെയ്യുന്നുണ്ട്. കുടുംബത്തിന്റെ ആവശ്യം കഴിഞ്ഞുള്ള വിളവ് മറ്റ് സാധനങ്ങള്‍ വാങ്ങുന്നതിനായി വില്‍ക്കുകയും ചെയ്യുന്നുണ്ട്. ”ഞാനാണ് കുടുംബത്തെ നിയന്ത്രിക്കുന്നതെന്നാണ് എല്ലാവരും കരുതുന്നത്, പക്ഷേ വീട്ടിലെ സ്ത്രീകളാണ് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്”, കപിംഗ പറയുന്നു.

കുടുംബത്തില്‍ സമാധാനം പുലരുന്നതിനായി സ്ത്രീകളാണ് മുന്‍കൈയെടുക്കുന്നത്. കലഹങ്ങള്‍ പരസ്പരം തുറന്ന് സംസാരിച്ച് അവര്‍ പരിഹരിക്കും. അതിന് സാധിക്കാതെ വന്നാല്‍ മാത്രം കപിംഗയോട് ഇടപെടാന്‍ ആവശ്യപ്പെടും. കപിംഗയാകട്ടെ നിഷ്പക്ഷമായി കാര്യങ്ങള്‍ പരിഹരിക്കും. എല്ലാ ഭാര്യമാര്‍ക്കും സ്വന്തമായി പാര്‍പ്പിടമുണ്ട്. എല്ലാവരും അവരവരുടെ അടുക്കളയില്‍ പാകം ചെയ്യും. കുട്ടികള്‍ക്ക് സ്വന്തം അമ്മമാര്‍ തന്നെ ഭക്ഷണം കൊടുക്കണമെന്നും നിര്‍ബന്ധമില്ല. എല്ലാ കുട്ടികളേയും സ്വന്തം മക്കളായാണ് ഇവിടത്തെ സ്ത്രീകള്‍ കാണുന്നത്.

എല്ലാ മക്കളുടേയും പേരക്കുട്ടികളുടേയും പേരുകള്‍ ചിലപ്പോള്‍ ഓര്‍മ്മയില്‍ വരാറില്ലെന്നും കപിംഗ പറയുന്നു. ഏകദേശം അന്‍പതോളം പേരുടെ പേരുകള്‍ ഓര്‍മ്മയില്‍ വരാറുണ്ടെന്നും ബാക്കിയുള്ളവരെ മുഖം നോക്കിയാണ് തിരിച്ചറിയുന്നതെന്നും കപിംഗ സമ്മതിക്കുന്നുണ്ട്. കപിംഗയുടെ നാല് ഭാര്യമാര്‍ മരിച്ചു. അസുഖം ബാധിച്ചും അപകടത്തില്‍പ്പെട്ടും നാല്‍പത് മക്കളേയും കപിംഗയ്ക്ക് നഷ്ടമായി. എങ്കിലും മറ്റ് കുടുംബാംഗങ്ങളോടൊപ്പം വൈദ്യുതിപോലും കടന്നുചെല്ലാത്ത ഒരു ഒരു സാമ്രാജ്യത്തില്‍ പരമാവധി സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുകയാണ് കപിംഗ.