അത്യാഗ്രഹമാണ് പാപങ്ങളുടെ അടിസ്ഥാന കാരണം

ആ യാത്രയ്ക്കിടയില്‍ രാജാവ് മന്ത്രിയോട് ഒരു ചോദ്യം ചോദിച്ചു: എങ്ങിനെയാണ് പാപം ആരംഭിച്ചത്?

മന്ത്രിക്ക് ഉത്തരമില്ലായിരുന്നു. ഒരു മാസത്തിനുളളില്‍ ഇതിന് ഉത്തരം കണ്ടുപിടിച്ചില്ലെങ്കില്‍ മന്ത്രിയെ ആ സ്ഥാനത്ത് നിന്നും പുറത്താക്കുമെന്നായി രാജാവ്.

മന്ത്രി ഉത്തരം തേടിയലഞ്ഞു. പലരോടും ചോദിക്കുന്നതിനിടയില്‍ ചോദ്യവുമായി മന്ത്രി ഒരു വയോധികന്റെ അടുത്തെത്തി.

അയാള്‍ പറഞ്ഞു: ഉത്തരം ഞാന്‍ പറയാം. പക്ഷേ, നിങ്ങള്‍ ഒരാളെ കൊല്ലണം. മാത്രമല്ല, അയാളുടെ സ്വര്‍ണ്ണവും പണവും മോഷ്ടിച്ച് എനിക്ക് കൊണ്ടുതരികയും വേണം.

ആദ്യം മടിച്ചെങ്കിലും തന്റെ സ്ഥാനം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് മന്ത്രി സമ്മതമറിയിച്ചു പോകാനൊരുങ്ങി.

അപ്പോള്‍ മന്ത്രിയെ വയോധികന്‍ തിരികെ വിളിച്ചിട്ടുപറഞ്ഞു: കൊല്ലുന്നതും മോഷ്ടിക്കുന്നതും പാപമാണെന്ന് താങ്കള്‍ക്കറിയാം. പക്ഷേ, മന്ത്രിസ്ഥാനത്തോടുളള അഭിനിവേശമാണ് താങ്കളെ അത് ചെയ്യാനായി പ്രേരിപ്പിച്ചത്. നിങ്ങളുടെ ചോദ്യത്തിന് ഉത്തരമായി..

അത്യാഗ്രഹമാണ് പാപങ്ങളുടെ അടിസ്ഥാന കാരണം. മോഹങ്ങള്‍ സാധൂകരിക്കാന്‍ നേരായ വഴിയാണ് നല്ലത്. അതിമോഹങ്ങള്‍ സഫലമാക്കാന്‍ അശുദ്ധവഴികള്‍ തിരഞ്ഞെടുക്കേണ്ടിവരും..

നിലനില്‍പ് പ്രശ്‌നമാണെങ്കില്‍ എന്ത് നിലപാടും സ്വീകരിക്കാമെന്ന് വിശ്വിക്കുന്നവരും, നിലനില്‍പ് അപകടത്തിലായാല്‍ പോലും നിലപാടുകളില്‍ വീഴ്ചയുണ്ടാകരുതെന്ന് നിര്‍ബന്ധബുദ്ധിയുളളവരും ഉണ്ട്. ആദ്യകൂട്ടര്‍ വളരെയെളുപ്പത്തില്‍ തങ്ങളുടെ കാഴ്ചപ്പാടുകളിലും വിശ്വാസസംഹിതകളിലും മാറ്റം വരുത്തിക്കൊണ്ടേയിരിക്കും.

എന്നാല്‍ രണ്ടാമത്തെ വിഭാഗത്തിന് ആദ്യശ്വാസം മുതല്‍ അവസാനശ്വാസം വരെ ഒരേ നിലപാടായിരിക്കും..

അവിടെയാണ് നിലപാടുകളുടെ നേര്‍വഴി നമുക്ക് കണ്ടെത്താനാകുക.. അസംതൃപ്തമായ സാഹചര്യങ്ങള്‍ വന്ന് ചേരാം..

പക്ഷേ, അവയെ ക്രിയാത്മകമായി നേര്‍വഴിയിലൂടെ നേരിടാന്‍ നമുക്ക് സാധിക്കട്ടെ

– ശുഭദിനം.