ഷാജി ആലുവിള
കോഴഞ്ചേരി: മാർത്തോമ്മാ സുറിയാനി സഭയുടെ നൂറ്റിമുപ്പതാമത് സുവിശേഷ സംഗമം മാരാമണ്ണിൽ നടക്കുകയാണ്.
ഏഷ്യയിലെ ഏറ്റവും വലിയ ഒരു സുവിശേഷ സമ്മേളനം ആണ് ഇത്. അടുക്കും ചിട്ടയും അച്ചടക്കവും ഈ സമ്മേളനങ്ങളുടെ പ്രത്യേകതയാണ്.
കോഴഞ്ചേരിയും പരിസര പ്രദേശങ്ങളും ഒരു ഉത്സവപ്രതീതിയിലാണ്. വിവിധ വഴിയോര കച്ചവടക്കാർ വഴിയോരങ്ങളിൽ നിറഞ്ഞിരിക്കുന്നു.

പുത്രികാ സഘടനകളാകുന്ന സുവിശേഷസംഘം, സണ്ടേസ്ക്കൂൾ, യുവജനസഖ്യം, സേവികാസംഘം, ധർമ്മഗിരി മന്ദിരം എന്നിവയുടെ സ്റ്റോളുകളും ഭക്ഷണ ശാലകളും പ്രവർത്തിക്കുന്നു.
ആറങ്ങാട്ട് ഫീലിപ്പോസ് ഉപദേശി മുതലുള്ള സുവിശേഷ പ്രവർത്തകരുടെ ആത്മീയ സംഭാവനകൾ പുതുതലമുറക്ക് വെളിപ്പെടുത്തി കൊടുക്കുന്ന സുവിശേഷസംഘത്തിൻ്റെ മ്യൂസിയം മണക്കിലുണ്ട്.
1888 ൽ കല്ലിശ്ശേരി കടവിൽ മാളികയിൽ ഭാരതത്തിലെ തദ്ദേശീയ സുവിശേഷ പ്രസ്ഥാനമായ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന് രൂപം നൽകി. 1895 ൽ ലോകപ്രശസ്തമായ മാരാമൺ പ്രഥമ കൺവൻഷൻ ആരംഭിച്ചു.
ലഹരിക്കെതിരായുള്ള പ്രവർത്തനങ്ങളെ വിവരിക്കുന്ന നവജീവകേന്ദ്രത്തിൻ്റെ മ്യൂസിയവും, ഏത് സമയവും ആർക്കും കയറി ഇരുന്ന് പ്രാർത്ഥിക്കുവാൻ വേണ്ടി താൽക്കാലികമായി നിർമ്മിച്ചിരിക്കുന്ന ഒരു പ്രാർത്ഥനാലയവും പന്തലിൻ്റെ പരിസരത്ത് പ്രവർത്തിക്കുന്നു.
യുവജനസഖ്യം, സേവികാസംഘം, ധർമ്മഗിരി മന്ദിരം എന്നിവയുടെ ഭക്ഷണ ശാല വളരെ ഭംഗിയായി ഇവിടെ പ്രവർത്തിക്കുന്നു. പുരോഹിതന്മാർ നേതൃത്വം കൊടുക്കുന്ന ഈ ഭോജനശാലയിൽ വിളമ്പാനും, കഴുകാനും, തുടക്കാനും പുരോഹിതന്മാർ ഉത്സാഹികളാണ്. ഇഷ്ടാനുസരണം ഒരാൾക്ക് കഴിക്കാനുള്ള പച്ചക്കറികൂട്ടിയുള്ള ഊണിനു നൂറു രൂപയാണ് നിരക്ക്. പത്തു രൂപക്ക് ബിരിയാണിയും കൊടുക്കുന്നുണ്ടെന്നും പറയുന്നു. ഉപഭോക്താവിനെ ചെറു പുഞ്ചിരിയോടെ സ്വീകരിക്കുന്നതും, കൂപ്പൺ തന്ന് ഇരിപ്പിടം തയ്യാറാക്കി കൊണ്ടിരുത്തുന്നതും ഈ അച്ചന്മാർ തന്നെ. നല്ല തിരക്ക് ഉണ്ടെങ്കിലും സമാധാനത്തോടെ ഭക്ഷണത്തിന് വേണ്ടി കാത്തു നിൽക്കുന്നവരെയാണ് ഇവിടെ കാണുവാൻ സാധിക്കുന്നത്.
ആയിരക്കണക്കിന് ജനങ്ങളെ ഉൾകൊള്ളുവനും, പ്രഭാഷണ കേൾവിക്കായി ഇരിക്കുവാൻ ഒരുക്കിയിരിക്കുന്നതുമായ വിശാലമായ ഓല പന്തൽ മണല്പുറത്തുണ്ട്. ആരംഭ കാലം മുതൽ ആഡംഭരമില്ലാതെ, സൂര്യപ്രകാശം ഇരിപ്പിടത്തിൽ പതിക്കതക്ക വിധമാണ് പന്തൽ നിർമ്മിച്ചിരിക്കുന്നത്. പന്തലിനുള്ളിൽ മണൽ പുറത്ത്, വായനപത്രങ്ങളും മറ്റും ഉപയോഗിച്ചാണ് ജനം ഇരിക്കുന്നത്. ഇരിക്കുവാൻ കസേര വേണമെങ്കിൽ ഇരുപത് രൂപ കൊടുത്ത് കൂപ്പൺ എടുക്കണം.

ശാന്ത ഗംഭീരമായ ഇമ്പ ഗീതങ്ങൾ മാർത്തോമ്മാ ഗായകസംഘം ആലപിക്കുന്നു. സഭാമേലധ്യക്ഷൻമാരുടെയും, വിശിഷ്ട അഥിതികളുടെയും മുഖ്യസന്ദേശങ്ങൾ വളരെ ശാന്തവും ആത്മീയ ചൈതന്യവും പകരുന്നതുമാണ്. എല്ലാം കൊണ്ടും മനം കുളിർക്കുന്ന അന്തരീക്ഷത്തിൽ ഈ ആത്മസംഗമം ആർക്കും സന്തോഷം പകരും.



