ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തിയും ബീര്‍ബലും കൂടി വേഷപ്രച്ഛന്നരായി നടക്കുകയായിരുന്നു. അപ്പോള്‍ അതുവഴി വലിയ ഭാരമുളള വിറകുകെട്ടുമായി ഒരാള്‍ പ്രയാസപ്പെട്ട് നടന്ന് അവരുടെ അരികിലെത്തി.
അയാളോട് ചക്രവര്‍ത്തി ചോദിച്ചു: താങ്കള്‍ ഇത്രയും വലിയ ഭാരം ചുമന്ന് കൊണ്ടാണോ നിത്യവൃത്തി കഴിക്കുന്നത്? അപ്പോള്‍ ആ യുവാവ് പറഞ്ഞു: മഹാനായ അക്ബര്‍ ചക്രവര്‍ത്തി ചുമക്കുന്ന രാജ്യഭാരം വെച്ച് നോക്കുമ്പോള്‍ ഇതെത്ര ചെറുതാണ്.
ചക്രവര്‍ത്തി അപ്പോള്‍ മറ്റൊരു അടവെടുത്തു. ചക്രവര്‍ത്തി വിഷമം അഭിനയിച്ചുകൊണ്ടുപറഞ്ഞു: നിങ്ങളറിഞ്ഞില്ലേ, അക്ബര്‍ ചക്രവര്‍ത്തി ഇന്ന് രാവിലെ മരിച്ചുപോയി.
ഇത് കേട്ട് ദുഃഖത്തോടെ അയാള്‍ പറഞ്ഞു: കഷ്ടമായിപ്പോയി ദൈവം ഇത്രയും വേഗം അദ്ദേഹത്തെ വിളിക്കണ്ടായിരുന്നു. ചക്രവര്‍ത്തിക്ക് സന്തോഷമായി. അവര്‍ യാത്ര തുടര്‍ന്നു. അടുത്ത ഗ്രാമത്തിലെത്തിയപ്പോള്‍ ഒരു സ്ത്രീ സംഭാരം വില്‍ക്കുന്നത് കണ്ടു.
അവരില്‍ നിന്നും സംഭാരം വാങ്ങികുടിക്കവേ ചക്രവര്‍ത്തിചോദിച്ചു: നമ്മുടെ ചക്രവര്‍ത്തിയുടെ കുറിച്ച് എന്താണ് അഭിപ്രായം.? അവര്‍ പറഞ്ഞു: എന്ത് പറയാന്‍. അദ്ദേഹം അവിടിരുന്ന് ഭരിക്കുന്നു. എന്നെപ്പോലുളള പാവങ്ങള്‍ ഇങ്ങനെ കഷ്ടപ്പെടുന്നു.
ആ സ്ത്രീയോടും ചക്രവര്‍ത്തി മരിച്ചുപോയെന്ന് അക്ബര്‍ പറഞ്ഞു. ഇത് കേട്ട് അവര്‍ പറഞ്ഞു: മരിച്ചുപോയോ, എന്നാല്‍ ഞാന്‍ അവിടേക്ക് പോകട്ടെ, ശവസംസ്‌കാര ശുശ്രൂഷകള്‍ക്ക് ധാരാളം പേര്‍ വരും. എനിക്ക് നല്ല കച്ചവടം കിട്ടും. അദ്ദേഹം മരച്ചത് ഏതായാലും നന്നായി.
ഇത് കേട്ട് ചക്രവര്‍ത്തി വിഷണ്ണനായി. ഇത് കണ്ട് ബീര്‍ബല്‍ പറഞ്ഞു: മറ്റുളളവരുടെ അഭിപ്രായത്തിന് ഒരു പരിധി മാത്രമേ വിലകൊടുക്കാവൂ.. കാരണം ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ചാണ് അപരനെക്കുറിച്ചുളള അഭിപ്രായം രൂപപ്പെടുത്തുന്നത്.
പുകഴ്ത്തലില്‍ അമിതമായി സന്തോഷിക്കുകയോ ഇകഴ്ത്തലില്‍ അതിയായി ദുഃഖിക്കുകയോ ചെയ്യരുത്. നമ്മുടെ കര്‍മ്മം നാം ഭംഗിയായി ചെയ്താല്‍ മാത്രം മതിയാകും – ശുഭദിനം.



