കാണാതായ അമേരിക്കൻ യാത്രാ വിമാനം മഞ്ഞുപാളികളിൽ തകർന്ന നിലയിൽ കണ്ടെത്തി; വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചു

വാഷിംങ്ടണ്‍: അലാസ്‌കയ്ക്ക് മുകളില്‍ വെച്ച് കാണാതായ യുഎസിന്റെ യാത്രാവിമാനം തകര്‍ന്നു വീണ നിലയില്‍ കണ്ടെത്തി.

നോമിലേക്കുള്ള യാത്രാമധ്യേയായിരുന്നു വിമാനം തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്നു പത്ത് പേരെയും മരിച്ച നിലയില്‍ കണ്ടെത്തി. അലാസ്‌കയുടെ പടിഞ്ഞാറന്‍ മഞ്ഞുപാളികളില്‍ നിന്നാണ് തകര്‍ന്ന നിലയില്‍ വിമാനം കണ്ടെത്തിയത്.

വ്യാഴാഴ്ച്ച യൂനലക്ലീറ്റില്‍ നിന്നാണ് വിമാനം യാത്ര ആരംഭിച്ചത്. പൈലറ്റും ഒന്‍പതും യാത്രക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രദേശത്ത് ചെറിയ തോതില്‍ മഞ്ഞുവീഴ്ച്ച ഉണ്ടായി എന്നതല്ലാതെ അപകടകാരണം ഇതുവരെയും വ്യക്തമായിട്ടില്ല.വ്യാഴാഴ്ച്ച ഉച്ചയോടെയാണ് വിമാനവുമായിട്ടുള്ള ബന്ധം നഷ്ടപ്പെട്ടത്. തെക്ക്കിഴക്കന്‍ നോമിന്റെ 30 മൈല്‍ മാറിയാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്.