ഒരിക്കല്‍ രാജാവ് തന്റെ പ്രജകളോട് ഓരോ വിഗ്രഹം കൊത്തിയുണ്ടാക്കി കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു.
എല്ലാവരും പറഞ്ഞ ദിവസം തന്നെ വിഗ്രഹവുമായി വന്നു. ഓരോ വിഗ്രഹത്തിന്റെയും ഗുണമനുസരിച്ച് സമ്മാനം നല്‍കാന്‍ രാജാവ് മന്ത്രിയോട് ആവശ്യപ്പെട്ടു.
മന്ത്രി ആ വിഗ്രങ്ങള്‍ പരിശോധിച്ചു. പക്ഷേ, മന്ത്രിക്ക് ആ വിഗ്രഹങ്ങളൊന്നും ഇഷ്ടപ്പെട്ടില്ല. മന്ത്രി രാജാവിനോട് പറഞ്ഞു: എനിക്ക് ഒരു വിഗ്രഹത്തിലും മേന്മകാണാന്‍ സാധിക്കുന്നില്ല. ഏതില്‍ നോക്കിയാലും എന്തെങ്കിലും കുറവ് കാണുന്നുണ്ട്.
മന്ത്രിയുടെ സംസാരം രാജാവിന് ഇഷ്ടമായില്ല. രാജാവ് പറഞ്ഞു: അവര്‍ അവരുടെ അറിവ് വെച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി. വലിയ ശില്പികളെ പോലെ വിഗ്രങ്ങള്‍ കൊത്താന്‍ എല്ലാവര്‍ക്കും കഴിയില്ല. അപ്പോള്‍ അവരുടെ അറിവ് അടിസ്ഥാനമാക്കിവേണമായിരുന്നു വിലയിരുത്താന്‍.
പൂര്‍ണ്ണം എന്നൊന്ന് ഈ ലോകത്തിലില്ല. എന്തെങ്കിലുമൊക്കെ ഒരു ന്യൂനത എല്ലാറ്റിലും കണ്ടെത്താനാകും. ചെറിയൊരു സമ്മാനം നല്‍കുവാന്‍ വേണ്ടി അല്‍പം നല്ലതെന്നു പറയാന്‍ പോലും നിങ്ങള്‍ക്കായില്ല. അതിനാല്‍ നിങ്ങള്‍ക്ക് മന്ത്രിയായിരിക്കാനുളള യോഗ്യതയില്ല. രാജാവ് മന്ത്രിയെ നീക്കം ചെയ്തു.
ഏത് എടുത്തുനോക്കിയാലും അതില്‍ എന്തെങ്കിലും ഒരു നന്മ ഇല്ലാതെവരില്ല. അത് കാണാനുളള കണ്ണ് വേണം എന്നതാണ് പ്രധാനം. എന്തിലും തിന്മ കണ്ടെത്താന്‍ ശ്രമിക്കാതെ, നന്മയുടെ കാഴ്ചയിലൂടെ കൂടി കാണാന്‍ നമുക്ക് ശീലിക്കാം.
– ശുഭദിനം.



