വാർത്തകൾ ചുരുക്കമായി, വിരൽത്തുമ്പിൽ

◾ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പി പി ദിവ്യയെ റിമാന്‍ഡ് ചെയ്ത് പള്ളിക്കുന്നിലെ വനിത ജയിലിലേക്ക് മാറ്റി. അടുത്ത മാസം 12-ാം തിയതി വരെയാണ് ദിവ്യയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ നിന്നും ദിവ്യയെ ജയിലിലെത്തിച്ചത്. ഇന്നലെ ഉച്ചയോടെയാണ് പി പി ദിവ്യ പോലീസ് കസ്റ്റഡിയില്‍ ആയത്. പി പി ദിവ്യ കേസ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. കണ്ണപുരം പോലീസ് ആണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്‍കി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ദിവ്യ കീഴടങ്ങിയത്.

◾ പൊലീസിന് മുന്നില്‍ കീഴടങ്ങിയ പി പി ദിവ്യയെ ആദ്യം എത്തിച്ചത് ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു. കീഴടങ്ങി മണിക്കൂറുകള്‍ കഴിഞ്ഞാണ് ദിവ്യയെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുന്നത്. ദിവ്യക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധമുണ്ടായി. വൈദ്യപരിശോധനയ്ക്ക് ശേഷം ദിവ്യയെ കോടതിയില്‍ ഹാജരാക്കി. ഇന്ന് തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കുമെന്നാണ് വിവരം. എന്നാല്‍ പി പി ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം അറിയിച്ചു. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കേസില്‍ കക്ഷിചേരും.

◾ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള സെഷന്‍സ് കോടതി ഉത്തരവില്‍ പിപി ദിവ്യയ്ക്കെതിരെ ഗൗരവതരമായ കണ്ടെത്തലുകള്‍. ദിവ്യയുടെ പ്രവൃത്തി ദുരുദ്ദേശപരമാണെന്നും അതിനാലാണ് നവീന്റെ ജന്മദേശമായ പത്തനംതിട്ടയിലും വീഡിയോ പ്രചരിപ്പിക്കപ്പെട്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ഷണിച്ചിട്ടാണ് നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ എത്തിയതെന്ന ദിവ്യയുടെ വാദം കോടതി തള്ളിക്കളയുകയായിരുന്നു. പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിച്ചേക്കാം എന്ന ആശങ്കയും കോടതി ഉത്തരവില്‍ പങ്കുവെച്ചു.

◾ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരേയും സഹായിക്കാനോ രക്ഷപ്പെടാനോ അനുവദിക്കില്ലെന്ന് റവന്യൂമന്ത്രി കെ. രാജന്‍. കൃത്യമായ നീതി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.പി. ദിവ്യയെ കസ്റ്റഡിയില്‍ എടുത്തതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

◾ എഡിഎമ്മിന്റെ മരണത്തില്‍ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം. പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തത് ആശ്വാസം നല്‍കുന്നുവെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചു.

◾ യാത്രയയപ്പു ചടങ്ങില്‍ ദിവ്യ ആരോപണം ഉന്നയിച്ചതിന് പിന്നാലെ എ.ഡി.എം. നവീന്‍ ബാബു ചേംബറിലെത്തി തന്നെ കണ്ടിരുന്നതായി കളക്ടറുടെ മൊഴി. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്നും കളക്ടര്‍ മൊഴി നല്‍കിയതായി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിയില്‍ പറയുന്നു. എന്നാല്‍, ഇത് കൈക്കൂലി വാങ്ങിയെന്നോ മറ്റേതെങ്കിലും അഴിമതി നടത്തിയെന്നോ ഉള്ള കുറ്റസമ്മതമായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

◾ പി പി ദിവ്യയെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ നിര്‍ദ്ദേശപ്രകാരം സിപിഎമ്മാണ് ഒളിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . അഴിമതിക്കാരനായി എഡിഎം നവീന്‍ ബാബുവിനെ താറടിക്കാനായിരുന്നു ശ്രമം. അത് മാധ്യമങ്ങള്‍ പൊളിച്ചു. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് മണിക്കൂറുകള്‍ക്കകം പാര്‍ട്ടി ഗ്രാമത്തില്‍ നിന്നാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. ഒരു കുടുംബത്തിന് നീതി കൊടുക്കാനാകാത്ത മുഖ്യമന്ത്രി എന്തിനാണ് ആ കസേരയില്‍ ഇരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ദിവ്യ വിഐപി പ്രതിയാണെന്നുo, ഉപതെരഞ്ഞെടുപ്പായത് കൊണ്ടാണ് അറസ്റ്റ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

◾ പി പി ദിവ്യ കീഴടങ്ങിയതിന് പിന്നാലെ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ . അപകീര്‍ത്തിപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കുറ്റങ്ങളും നിയമ ലംഘനങ്ങളും നടത്തിയ കേരള മാര്‍ക്‌സിസ്റ്റ് ഗുണ്ടയായ പി പി ദിവ്യയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടത്.

◾ നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് ഭൂമിക്കടിയില്‍ നിന്നും ഇന്നലെ രാത്രി പത്തുമണിയോടെ സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാര്‍. ഭയന്നുപോയ പ്രദേശത്തെ നൂറുകണക്കിനാളുകള്‍ വീടുകളില്‍നിന്ന് പുറത്തേക്കോടി. ചില വീടുകള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്. ഏതാനും വീടുകളുടെ മുറ്റത്തും വിള്ളലുണ്ട്. വീടുകളിലേക്കു തിരിച്ചു കയറാന്‍ ഭയന്ന നാട്ടുകാരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റുന്നതിനിടെ രാത്രി പതിനൊന്നോടെ വീണ്ടും വലിയ ശബ്ദമുണ്ടായി. എന്നാല്‍ രാത്രി 11 വരെ പ്രദേശത്ത് ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി അറിയിച്ചു.

◾ നീലേശ്വരത്ത് ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് 101 പേര്‍ 13 വിവിധ ആശുപത്രികളിലായി ചികിത്സയിലാണെന്ന് റവന്യു മന്ത്രി കെ. രാജന്‍. ഇതില്‍ 80 പേര്‍ വാര്‍ഡുകളിലും 21 പേര്‍ ഐസിയുവിലുമാണ്. ഐസിയുവില്‍ ഉള്ളവരില്‍ ഒരാളുടെ നില ഗുരുതരവും ഏഴ് പേര്‍ വെന്റിലേറ്ററിലുമാണ്.

◾ രണ്ട് എംഎല്‍എമാര്‍ക്ക് കൂറുമാറ്റത്തിനായി 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ അന്വേഷണ കമ്മീഷനെ വെച്ച് എന്‍സിപി. നാലംഗ കമ്മീഷനാണ് അന്വേഷണ ചുമതല. 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. പാര്‍ട്ടി അന്വേഷണം മാത്രമാണിത്, ആരോപണത്തില്‍ എന്‍സിപി പൊലീസ് അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല.

◾ സംസ്ഥാനത്ത് സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ സര്‍ക്കാര്‍ വന്ന ശേഷം പുതുതായി 92 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി നേടിയെടുക്കാനായി. കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പിജി സീറ്റുകള്‍ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി വ്യക്തമാക്കി.

◾ വയനാട് ദുരന്തത്തിന്റെ സാമ്പത്തിക സഹായം നല്‍കാന്‍ കേന്ദ്രം ഇതുവരെ തയ്യാറായില്ലെന്ന് വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി. മുണ്ടക്കൈ ദുരന്തത്തില്‍ രക്ഷപ്പെട്ടവരെ കാണാന്‍ പ്രധാനമന്ത്രി വന്നു. പക്ഷേ അവര്‍ക്ക് ആവശ്യം ഉള്ളത് നല്‍കിയില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ചുങ്കത്തറയിലെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. എന്റെ സഹോദരന്റെ ഹൃദയത്തില്‍ വയനാട്ടുകാരോടുള്ളത് ആഴത്തില്‍ ഉള്ള ബഹുമാനം ആണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

◾ അഞ്ച് ജുഡീഷ്യല്‍ ഓഫീസര്‍മാരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി. കൃഷ്ണകുമാര്‍, ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ കെ.വി. ജയകുമാര്‍, കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി മുരളി കൃഷ്ണ എസ്, ഹൈക്കോടതിയിലെ ജില്ലാ ജുഡീഷ്യറി രജിസ്ട്രാര്‍ ജോബിന്‍ സെബാസ്റ്റ്യന്‍, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി പി.വി. ബാലകൃഷ്ണന്‍എന്നിവരെയാണ് ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.

◾ പൂരം അലങ്കോലപ്പെട്ട ദിവസത്തെ ആംബുലന്‍സ് യാത്രാ വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് ‘മൂവ് ഔട്ട്’ പറഞ്ഞ് സുരേഷ് ഗോപി. തനിക്ക് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാന്‍ സൗകര്യമില്ലെന്നും അത് താന്‍ സിബിഐയോട് പറഞ്ഞോളാമെന്നും സുരേഷ് ഗോപി തൃശ്ശൂരില്‍ പറഞ്ഞു.

◾ പൂരം കലങ്ങിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ തള്ളി മന്ത്രി കെ രാജന്‍. പൂരം കലക്കിയത് തന്നെയാണ്, കലങ്ങിയെന്ന വാക്കാണ് പ്രശ്നമെങ്കില്‍ പുതിയ വാക്ക് കണ്ടെത്തിയാല്‍ മതിയെന്നും അദ്ദേഹം വിമര്‍ശിച്ചു. നിയമസഭയ്ക്കകത്തും പുറത്തും പറയാന്‍ ഉള്ളതെല്ലാം പറയുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാടില്‍ കടുത്ത അതൃപ്തിയിലാണ് സിപിഐ എന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച കാര്‍ഷിക നിയമത്തെ പിന്തുണച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കര്‍ഷക സമൂഹത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കാന്‍ കേരളത്തിന്റെ നിയമസഭയ്ക്ക് സാധിച്ചില്ലെന്ന് അദ്ദേഹം പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കുറ്റപ്പെടുത്തി. കാര്‍ഷിക നിയമം പ്രാബല്യത്തില്‍ വന്നിരുന്നെങ്കില്‍ കര്‍ഷകര്‍ ഇന്നനുഭവിക്കുന്ന പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

◾ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ഫവാസ് എന്ന യുവാവിനെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി വിമലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അന്യ സംസ്ഥാനത്ത് നിന്ന് വാങ്ങുന്ന മയക്കുമരുന്ന് വിതരണം നടത്തുന്ന പ്രദേശത്ത് വളര്‍ന്നു വരുന്ന ലഹരി മാഫിയയുടെ കണ്ണിയാണ് പിടിയിലായ ഫവാസ്.

◾ ആറ് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം താനൂര്‍ കടലില്‍ നിന്ന് കണ്ടെത്തി. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി സനൂപ് (34) ആണ് മരണപ്പെട്ടത്. താനൂര്‍ കടലില്‍ നിന്നും ഒമ്പത് നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്.

◾ കുടുംബ വഴക്കിനെ തുടര്‍ന്ന് തൃശൂര്‍ തലോര്‍ വടക്കുമുറിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. തലോര്‍ പൊറത്തൂര്‍ വീട്ടില്‍ ജോജു(50)വാണ് ഭാര്യ ലിഞ്ചു(36)വിനെ കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചതിരിഞ്ഞ് വീടിനകത്തു വെച്ച് ലിഞ്ചുവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജോജു ടെറസിന് മുകളില്‍ പോയി തൂങ്ങി മരിക്കുകയായിരുന്നു.

◾ ചാത്തമംഗലം ഈസ്റ്റ് മലയമ്മയില്‍ മുത്തശ്ശിയും പേരമകളും കിണറ്റില്‍ മരിച്ച നിലയില്‍. ഈസ്റ്റ് മലയമ്മ വട്ടക്കണ്ടിയില്‍ സുഹാസിനി (56), ശ്രീ നന്ദ (12) എന്നിവരെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

◾ ആയുഷ്മാന്‍ ഭാരത് പദ്ധതി പശ്ചിമബംഗാളിലും ഡല്‍ഹിയിലും നടപ്പാക്കാത്തതിനെതിരേ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതി ഇരുസംസ്ഥാനങ്ങളിലും നടപ്പാക്കാതിരിക്കുന്നതിനതിരേ ത്രിണമൂല്‍ കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. വരുമാനം പരിഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ പലസ്തീനിലേക്ക് വീണ്ടും ഇന്ത്യയുടെ സഹായം. 30 ടണ്‍ മെഡിക്കല്‍ സാമഗ്രികളും മരുന്നുകളും കേന്ദ്ര സര്‍ക്കാര്‍ പലസ്തീനിലേക്ക് അയച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ഒദ്യോഗിക വക്താവ് രണ്‍ധീര്‍ ജെയ്സ്വാളാണ് ദുരിതാശ്വാസ സാമഗ്രികള്‍ അയച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

◾ അഭിഭാഷകരും ജഡ്ജിയും തമ്മില്‍ ഗാസിയാബാദ് ജില്ലാ കോടതിയില്‍ സംഘര്‍ഷം. ബാര്‍ അസോസിയേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ കേസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷം രൂക്ഷമായതോടെ അഭിഭാഷകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഭവത്തില്‍ നിരവധി അഭിഭാഷകര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

◾ നടന്‍ സല്‍മാന്‍ ഖാനെതിരേയും കൊല്ലപ്പെട്ട ബാബാ സിദ്ദീഖിയുടെ മകനും മഹാരാഷ്ട്ര എം.എല്‍.എയുമായ സീഷാന്‍ സിദ്ദിഖിക്കെതിരേയും വധഭീഷണി മുഴക്കിയ യുവാവിനെ പോലീസ് പിടികൂടി. ഉത്തര്‍പ്രദേശ് ബരേയ്‌ലി സ്വദേശിയായ ത്വയിബ് അന്‍സാരിയാണ് മുംബൈ പോലീസും നോയിഡ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ പിടിയിലായത്.

◾ രാജ്യത്തെ വിമാനങ്ങള്‍ക്കുള്ള വ്യാജ ബോംബ് ഭീഷണി തുടരുന്നു: ഇന്നലെ മാത്രം ഭീഷണി വന്നത് 100 വിമാനങ്ങള്‍ക്കെന്ന് റിപ്പോര്‍ട്ടുകള്‍. എയര്‍ഇന്ത്യയുടെ 36 വിമാനം, ഇന്‍ഡിഗോയുടെ 35 വിമാനം, വിസ്താരയുടെ 32 വിമാനം എന്നിവയ്ക്കാണ് ഇന്നലെ ഭീഷണിയുണ്ടായതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

◾ വിമാനങ്ങളിലെ വ്യാജബോംബ് ഭീഷണികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞതായി നാഗ്പൂര്‍ പോലീസ്. ഗോന്തിയ ജില്ലയിലെ 35-കാരനായ ജഗദീഷ് ഉയ്‌ക്കെയെ ആണ് നാഗ്പൂര്‍ സിറ്റി പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് തിരിച്ചറിഞ്ഞത്. ഇയാള്‍ തീവ്രവാദത്തേക്കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ടെന്നും 2021-ല്‍ ഒരു കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

◾ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുന്നണികളുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. കോണ്‍ഗ്രസ് 103 സീറ്റില്‍ മത്സരിക്കും. ശിവസേന (ഉദ്ധവ്) 96, എന്‍സിപി(ശരദ് പവാര്‍) 85 എന്നിങ്ങനെയാണ് ഇന്ത്യാ മുന്നണിയിലെ സീറ്റ് വിഭജനം. സമാജ്വാദി പാര്‍ട്ടിക്കും സിപിഎമ്മിനും രണ്ടു സീറ്റുകള്‍ വീതം ലഭിച്ചിട്ടുണ്ട്. എന്‍ഡിഎയില്‍ ബിജെപി 148 സീറ്റില്‍ മത്സരിക്കും. ഷിന്‍ഡെ പക്ഷം 85 സീറ്റുകള്‍ നേടിയപ്പോള്‍ അജിത് വിഭാഗം 51 സീറ്റുകളിലാണു മത്സരിക്കുന്നത്.

◾ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കാതിരുന്നതോടെ ഷിന്ദേപക്ഷക്കാരനായ എം.എല്‍.എ ഉദ്ദവ് പാളയത്തിലേക്ക്. പല്‍ഗാര്‍ എല്‍.എല്‍.എ ആയിരുന്ന ശ്രീനിവാസ് വംഗയാണ് ഷിന്ദേയെ കൈവിട്ടത്. ഇതിനിടെ ശ്രീനിവാസ് ഉദ്ദവ് താക്കറയെ സന്ദര്‍ശിച്ചതായും നേരത്തെ കൂറുമാറിയതില്‍ ഉദ്ദവിനോട് ക്ഷമ ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്.

◾ ഹരിയാണ തിരഞ്ഞെടുപ്പിലെ നടപടിക്രമങ്ങളില്‍ ക്രമക്കേടുണ്ടെന്ന കോണ്‍ഗ്രസിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ തള്ളിക്കളയുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത്തരം ആരോപണങ്ങള്‍ ഒരു ദേശീയ പാര്‍ട്ടിയില്‍നിന്ന് പ്രതീക്ഷിക്കാത്തതാണെന്നും ഫലം എതിരാവുമ്പോള്‍ പൊതുവായ സംശയങ്ങള്‍ എന്ന പേരില്‍ ജനവിധിയെ ചോദ്യംചെയ്യുന്ന പ്രവണതയില്‍നിന്ന് വിട്ടുനില്‍ക്കണണെമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അയച്ച കത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിമര്‍ശനം.

◾ ഇത്തവണത്തെ ദീപാവലി പ്രത്യേകതകള്‍ ഏറെയുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയിലെ ക്ഷേത്രം യാഥാര്‍ഥ്യമായത് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ പരാമര്‍ശം.500 വര്‍ഷങ്ങള്‍ക്കുശേഷം രാമനോടൊപ്പമുള്ള ദീപാവലിയാണ് ഇത്തവണത്തേതെന്നും അദ്ദേഹം പറഞ്ഞു. റോസ്ഗാര്‍ മേളയില്‍ നിയമന ഉത്തരവ് നല്‍കിയ ശേഷം സംസാരിക്കുയായിരുന്നു അദ്ദേഹം.

◾ ലെബനനനില്‍ ഹിസ്ബുള്ളയുടെ തലവനായി ഷേയ്ക്ക് നയീം കാസിമിനെ തിരഞ്ഞെടുത്തു. ഹിസ്ബുള്ളയുടെ തലവനായിരുന്ന ഹസന്‍ നസ്രല്ല ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ഷേയ്ക്ക് നയീം കാസിം എത്തുന്നത് .

◾ ഇസ്രയേലുമായുള്ള ആയുധക്കരാര്‍ അവസാനിപ്പിക്കാനുള്ള തീരുമാനവുമായി സ്പാനിഷ് സര്‍ക്കാര്‍. ഇസ്രയേല്‍ ആയുധ നിര്‍മാണ കമ്പനിയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാനുള്ള കരാര്‍ റദ്ദാക്കിയതായി സ്പാനിഷ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2023 ഒക്ടോബറില്‍ ഗാസയില്‍ ആക്രമണം തുടങ്ങിയതോടെ ഇസ്രായേലിന് ആയുധങ്ങള്‍ വില്‍ക്കുന്നത് സ്പെയിന്‍ നിര്‍ത്തലാക്കിയിരുന്നു. ഗാസയിലടക്കം ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് ആയുധം വാങ്ങുന്ന കാര്യത്തിലും സ്പെയിന്‍ പുനരാലോചന നടത്തിയിരിക്കുന്നത്.

◾ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് ചെയ്യാന്‍ നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ വരി നിന്നത് ഏറെക്കുറെ 40 മിനിട്ടോളം. ഒരു സാധാരണ പൗരനെ പോലെ വരി നിന്ന അമേരിക്കന്‍ പ്രസിഡന്റ് ഡെലവെയറിലെ വില്‍മിങ്ടണിലെ ബൂത്തിലായിരുന്നു വോട്ട് രേഖപ്പെടുത്തിയത്.

◾ ന്യൂസിലാണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റിന് ജയിച്ച ഇന്ത്യന്‍ വനിതകള്‍ 2-1 ന് ഏകദിന പരമ്പര സ്വന്തമാക്കി. സെഞ്ചുറിയുമായി മിന്നിയ സ്മൃതി മന്ദാനയുടെയും അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 49.5 ഓവറില്‍ 232 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 44.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. 100 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 59 റണ്‍സുമായി പുറത്താകാതെ നിന്നു.

◾ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം മാഞ്ചെസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രിക്ക്. ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍ ഉള്‍പ്പെടെയുള്ള വമ്പന്‍മാരെ പിന്തള്ളിയാണ് റോഡ്രി പുരസ്‌കാരം സ്വന്തമാക്കിയത്. വനിതാ ബാലന്‍ദ്യോര്‍ പുരസ്‌കാരത്തിന് തുടര്‍ച്ചയായ രണ്ടാം തവണയും സ്പാനിഷുകാരി ഐറ്റാനാ ബോണ്‍മാറ്റി അര്‍ഹയായി. മികച്ച യുവതാരത്തിനുള്ള റെയ്മണ്ട് കോപ്പ പുരസ്‌കാരം ബാഴ്സലോണയുടെ സ്പാനിഷ്താരം ലമിന്‍ യമാല്‍ സ്വന്തമാക്കി.