സിപിഎമ്മിനെ പോലെ ഒരു നല്ല പാർട്ടി ലോകത്തെങ്ങുമില്ല !’

കെ. എൻ. റസ്സൽ (ചീഫ് എഡിറ്റർ, ക്രൈസ്തവചിന്ത)

രുവേള എംഎൽഎയും മന്ത്രിയും ഒക്കെയായി പാർട്ടി മനസ്സിൽ ഉണ്ടായിരുന്ന ദിവ്യ എന്ന കണ്ണൂരിലെ വനിതാ നേതാവ് അവസാനം ഇരുമ്പഴിക്കുള്ളിൽ.14 ദിവസത്തേക്ക് റിമാൻറ് ചെയ്ത ദിവ്യയെ കണ്ണൂർ പള്ളിക്കുന്ന് വനിത ജയിലിലേക്ക് മാറ്റി. രണ്ടുദിവസത്തിനുശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് ഒരു മനുഷ്യനെ മരണത്തിലേക്ക് തള്ളിവിട്ടിട്ട് പോയ വനിതാ നേതാവിനെ പിന്നീടൊരിക്കലും കണ്ടിട്ടില്ല.

അവർ ‘ഒളിവിൽ’ എന്ന വിവരം മാത്രമാണ് വെളിയിൽ വന്നത്. അപ്രതീക്ഷിതമായി കടന്നുവരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ നിറചിരിയുമായി സ്വീകരിക്കുന്ന എഡിഎം നവീൻ ബാബുവിന്റെ ചിത്രം ഇന്ന് വെളിയിൽ വന്നിരുന്നു . സീറ്റിൽ ഇരുന്ന ശേഷവും ഇരുവരും പരസ്പരം നോക്കി പുഞ്ചിരിക്കുന്നുമുണ്ട് . അതായത് നവീൻ ബാബു എന്ന വ്യക്തി, ദിവ്യ വാവിട്ട വാക്കുകൾ പറയുന്നതുവരെ സന്തോഷവാനായിരുന്നു .

ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ നവീൻ ബാബുവിനെ ചിരിച്ചുകൊണ്ട് കൊലയ്ക്ക് കൊടുക്കുകയായിരുന്നു ദിവ്യ. നാഴികയ്ക്ക് നാല്പ്പതുവട്ടം മരിച്ച നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പം എന്ന് പാർട്ടി നേതൃത്വം പറയുന്നുണ്ടായിരുന്നുവെങ്കിലും പൂർണമായും പാർട്ടിയുടെ സംരക്ഷണത്തിൽ തന്നെയായിരുന്നു ദിവ്യ.

ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തിട്ടും 13 ദിവസം പോലീസ് ഇവരെ തൊടാതെ ഉരുണ്ടുകളിച്ചു. രാവെന്നോ, പകലെന്നോ, വെളുപ്പാൻ കാലമേന്നോ ഒന്നും നോക്കാതെ വളഞ്ഞിട്ട് പിടിക്കുന്ന കേരള പോലീസിന് മൂക്കുകയറിട്ടത് ആഭ്യന്തരവകുപ്പല്ലാതെ മറ്റാരാണ് ഈ സംരക്ഷണ കവചം ഒരുക്കി ദിവ്യയുടെ മുൻകൂർ ജാമ്യം തള്ളിക്കളയുന്നതുവരെ സംരക്ഷിച്ചത് ഈ ഭരണസംവിധാനമാണെന്ന് പകൽപോലെ വ്യക്തമാണ്.

ഇവിടെ മറനീക്കി പുറത്തുവരുന്നത് സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ്. പൊതുസമൂഹത്തോട് വലം കൈ ചൂണ്ടി തള്ളിപ്പറയുമ്പോഴും ഇടംകൈയാല്‍ ചേർത്തുനിർത്തുകയായിരുന്നു ദിവ്യയെ. പാർട്ടിയുടെ ഈ സമീപനമാണ് ഇരട്ടത്താപ്പ്. ജനരോഷം എത്രകണ്ട് ഉയർന്നിട്ടും വാക്കാൽ തള്ളിപ്പറഞ്ഞ് നാണംകെട്ട നാടകം നടത്തുകയായിരുന്നു ഭരണാധികാരികളും പോലീസും ചെയ്തത്.

രാവിലെ 11 മണിക്ക് ഡിസ്മിസിഡ് എന്ന ഒറ്റവാക്കിൽ കോടതി ജാമ്യം തള്ളിയതോടെ പോലീസ് നടപടി ഉടനെ ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ തിരക്കഥ വീണ്ടും കൃത്യമായി നടപ്പിലാക്കി .ജാമ്യം നിഷേധിച്ചാൽ കോടതിയിലോ പോലീസിനോ മുന്നിൽ കീഴടങ്ങും എന്നായിരുന്നു കരുതിയിരുന്നത്. നാറി നാണംകെട്ട ആദ്യന്തരവകുപ്പിന്റെ, മുഖം രക്ഷിക്കാൻ കൃത്യമായ തീരുമാനപ്രകാരം പോലീസിന് മുന്നിൽ പറഞ്ഞ സമയത്ത് ദിവ്യ കീഴടങ്ങുന്നു. ഇവർക്ക് കോടതി മുമ്പാകെ കീടങ്ങമായിരുന്നു. പോലീസിന്റെ മുഖം വീണ്ടും കൂടുതൽ വികൃതമാകും എന്നതുകൊണ്ടാണ് ഇങ്ങനെ ഒരു നാടകം അരങ്ങേറിയത്. എന്നിട്ട് പറഞ്ഞതോ കീഴടങ്ങാൻ കോടതിയിലേക്ക് പോകുംവഴി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ്.

മാധ്യമങ്ങളേയും അരിയാഹാരം കഴിക്കുന്നവരെയും ശുദ്ധമണ്ടന്മാരാക്കുന്ന നടപടി. മാധ്യമങ്ങളുടെ മുന്നിൽപ്പെടാതിരിക്കാൻ എന്തെല്ലാം കാര്യങ്ങളാണ് പോലീസ് ചെയ്തു കൂട്ടിയത്. കസ്റ്റഡിയിലെടുത്ത ദിവ്യയെ കണ്ണൂർ സ്റ്റേഷനിലേക്ക് ഉടനെ കൊണ്ടുവരുമെന്ന് കമ്മീഷണർ തന്നെ വാർത്താ സംഘത്തോട് പറയുന്നു .

കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് കൊണ്ടുപോയത്. മാധ്യമ സംഘത്തിൻ്റെ കണ്ണിൽപ്പെടാതിരിക്കാനുള്ള നാടകം ആയിരുന്നു ആദിമുതലേ കാണാൻ കഴിഞ്ഞത്. അവസരോചിതമായി ബഹുമാനപ്പെട്ട കോടതിയും നിയമവും നിലനിന്നതുകൊണ്ട് മാത്രമാണ് ദിവ്യയെ ഇന്നെങ്കിലും ‘പിടികൂടാൻ’ കഴിഞ്ഞത്. ഒരുവേള കേരളത്തിൽ നിന്നും വല്ല സ്പേയ്സ് സഞ്ചാര സാധ്യതയുമുണ്ടായിരുന്നെങ്കിൽ ദിവ്യയെ പാർട്ടി അവിടെ എത്തിച്ച് സംരക്ഷിക്കുമായിരുന്നു.

കളക്ടറുടേയും തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥരുടെയും നടുവിൽ വച്ച് നിഷ്കളങ്കനായ ഒരു മനുഷ്യനെയാണ് തൊലിയുരിച്ചത് .ഇത് അഹങ്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും പച്ചയായ പ്രകടനമായിരുന്നു.

ജാമ്യ ഹർജി തള്ളിയതിനുശേഷം മരിച്ച നവീൻ ബാബുവിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞത് ”ഞങ്ങളുടെ ജീവിതം തകർത്തവരെ ശിക്ഷിക്കണം ” എന്നാണ്. മനസാക്ഷി നഷ്ടപ്പെടാത്ത പൊതുസമൂഹം ആഗ്രഹിക്കുന്നതും അതുതന്നെയാണ്. ദിവ്യയുടെ കൂടെ അന്നും ഇന്നും നിൽക്കുന്ന സിപിഎം ഒരു ‘നല്ല പാർട്ടി’യാന്നെന്ന് വായനക്കാർക്ക് മനസിലായികാണുമല്ലോ?