‘ഞങ്ങള്‍ തോറ്റദിനം’; ഹമാസ് ആക്രമണ വീഡിയോ പങ്കുവെച്ച്‌ ഇസ്രയേല്‍, യുദ്ധത്തില്‍ ജയിക്കുമെന്ന് നെതന്യാഹുവിന്റെ പ്രതിജ്ഞ

ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാർഷികദിനത്തില്‍ അനുസ്മരണപരിപാടികളുമായി ഇസ്രയേല്‍. വികാരഭരിതമായ പരിപാടികളും ബന്ദികളാക്കിയിരിക്കുന്നവരെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ടുമുള്ള റാലികളും ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു.

ഹമാസ് ആക്രമണത്തിന്റെ ആരും ഇതുവരെ കാണാത്ത ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് വീഡിയോയും ഇസ്രയേല്‍ പങ്കുവെച്ചു.

ഒക്ടോബർ 7 ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എന്ന് പറഞ്ഞാണ്, ഹമാസിന്റെ ആക്രമണത്തിന് ഒരുവർഷം തികയുന്ന വേളയില്‍ ഇസ്രയേല്‍ പ്രതിരോധസേന വീഡിയോ പങ്കുവെച്ചത്. ഇസ്രയേല്‍ പോലീസ് സ്റ്റേഷന്റെ നിയന്ത്രണം ഏറ്റെടുത്ത ഹമാസ് അംഗം നിരവധി പോലീസുകാരെ കൊലപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.

യുദ്ധത്തില്‍ ഇസ്രയേല്‍ ജയിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിജ്ഞ ചെയ്തു.

ഒക്ടോബർ 7-ലെ ആക്രമണത്തില്‍ 1200 ഓളം പേർ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇസ്രയേലിന്റെ ആക്രണത്തില്‍ 42,870 പേർ ഗാസയില്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇതില്‍ ഭൂരിഭാഗം പേരും സാധാരണക്കാരാണ്.