തോറ്റുകൊടുക്കില്ലെന്ന് തീരുമാനിക്കപ്പെടുന്നിടത്താണ് മുന്നോട്ടുളള ചുവടിന്റെ ആദ്യപടി

1959ല്‍ മുംബൈയിലെ ഗിര്‍ഗാം ഗ്രാമത്തിലെ ഒരു ചെറിയ കെട്ടിടത്തിന്റെ മുകളില്‍ ഏഴ് സ്ത്രീകള്‍ ചേര്‍ന്ന് ഒരു സംരംഭം തുടങ്ങാന്‍ തീരുമാനിച്ചു.

പപ്പടനിര്‍മ്മാണമാണ് അവര്‍ തുടങ്ങാന്‍ ആഗ്രഹിച്ചത്. അതിനുളള ചേരുവകള്‍ വാങ്ങാനായി അവര്‍ അവിടത്തെ സാമൂഹ്യപ്രവര്‍ത്തകനില്‍ നിന്നും 80 രൂപ കടവാങ്ങി പപ്പടം നിര്‍മ്മിക്കാന്‍ തുടങ്ങി.

രണ്ട് കെട്ട് പപ്പടമാണ് ആദ്യം ഉണ്ടാക്കിയത്. തുടക്കത്തില്‍ ബിസിനസ്സ് വളരെ മോശമായിരുന്നു. ആദ്യവര്‍ഷം 6000 രൂപയുടെ വില്‍പനയാണ് നടന്നത്.

എങ്കിലും അവര്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. ചെറിയ തുകകള്‍ മുടക്കി കൂടുതല്‍ സ്ത്രീകള്‍ ഈ സംഘത്തിലേക്കെത്തി.

1962 ആയപ്പോഴേക്കും ലിജ്ജത്ത് എന്നപേര് ഈ പപ്പടത്തിന് നല്‍കി അവര്‍ തങ്ങളുടെ ബ്രാന്റ് ഉയര്‍ത്തി. മഹിള ഗൃഹ ഉദ്യോഗ് ലിജ്ജത് പപ്പട് എന്ന പേരില്‍ ഒരു സ്വയം സഹായ സംഘമായി അവര്‍മാറി.

ഉയര്‍ന്ന ഗുണമേന്മയുളള ഈ പപ്പടം ഉത്തരേന്ത്യന്‍ തീന്‍മേശകളില്‍ ഒഴിവാക്കാനാകാത്ത ഒന്നായി മാറി. ഇന്ന് ഇന്ത്യയിലുടനീളം 85 ശാഖകളാണ് ഈ സംരംഭത്തിനുളളത്.

4500 ലധികം സ്ത്രീകള്‍ ഇവിടെ ജോലി ചെയ്യുന്നു. യു എസ്, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ഉണ്ട്. 2019ല്‍ 1600 കോടി രൂപയായിരുന്നു കമ്പനിയുടെ വിറ്റുവരവ്. ഒട്ടേറെ അവാര്‍ഡുകള്‍ ലിജ്ജത്ത് പപ്പടത്തെ തേടിയെത്തിയിട്ടുണ്ട്.

വീട്ടമ്മമാര്‍ക്ക് സുസ്ഥിരമായ ഉപജീവനമാര്‍ഗ്ഗം സൃഷ്ടിക്കുക, അതുവഴി സ്ത്രീ ശാക്തീകരണം ഉറപ്പുവരുത്തുക ഇതായിരുന്നു അവരുടെ ലക്ഷ്യം..

തോറ്റുകൊടുക്കില്ലെന്ന് തീരുമാനിക്കപ്പെടുന്നിടത്താണ് മുന്നോട്ടുളള ചുവടിന്റെ ആദ്യപടി തുടങ്ങുന്നത്.. തുടര്‍ന്നങ്ങോട്ട് വരുന്ന ഓരോ പ്രതിസന്ധികളേയും നേരിടാന്‍ ഈ തീരുമാനമാണ് നമുക്ക് മൂലധനമാകുന്നതും

– ശുഭദിനം.