എല്‍പിജിയുമായി ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ കപ്പലും ഹോര്‍മുസ് കടലിടുക്ക് കടന്നു

എല്‍പിജിയുമായി രണ്ടാമത്തെ കപ്പലും ഇന്ത്യയിലേക്ക്. രണ്ടാമത്തെ എല്‍പിജി കപ്പല്‍ നന്ദാ ദേവിയും ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി മുറിച്ചു കടന്നു.

ഗള്‍ഫ് ഓഫ് ഒമാൻ പിന്നിട്ട ശേഷം കപ്പലിന് ഇന്ത്യൻ നാവികസേന സംരക്ഷണം നല്‍കും. തുടർന്നായിരിക്കും മുംബൈയിലേക്ക് എത്തുക. രണ്ട് ദിവസത്തിനകം ആദ്യ കപ്പല്‍ ശിവാലിക് ഇന്ത്യയിലെത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. രണ്ട് കപ്പലും എത്തുന്നതോടെ രാജ്യത്തെ എല്‍പിജി പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് കടക്കാന്‍ ഇന്ത്യയും ഇറാനും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് അനുമതി ലഭിച്ചത്. 40000 മെട്രിക് ടണ്‍ എല്‍പിജിയുമായി വരുന്ന ശിവാലിക് കപ്പല്‍ നാവികസേന യുദ്ധക്കപ്പലിന്റെ അകമ്പടിയോടെയാണ് എത്തുന്നത്. സംഘർഷത്തെ തുടർന്നുള്ള സുരക്ഷാ സാഹചര്യങ്ങള്‍ക്കിടയില്‍ അതീവ ജാഗ്രതയോടെ ഏകോപിപ്പിച്ച നീക്കത്തിന്റെ ഭാഗമായാണ് ഹോർമുസ് കടലിടുക്കിലൂടെ ചരക്ക് നീക്കം നടക്കുന്നത്.

ഹോർമുസ് കടലിടുക്ക് വഴി യാത്ര ചെയ്യാൻ രണ്ട് ഇന്ത്യൻ എല്‍പിജി കപ്പലുകള്‍ക്കാണ് ഇറാന്റെ അനുമതി ലഭിച്ചത്. സൗദിയില്‍ നിന്ന് ക്രൂഡ് ഓയിലുമായുള്ള ഒരു എണ്ണകപ്പല്‍ കൂടി ഇന്ന് ഇന്ത്യയില്‍ എത്തും. സുരക്ഷ ഉറപ്പാക്കാൻ‌ ഇന്ത്യൻ നാവികസേന കപ്പലിന് നേരിട്ട് അകമ്പടിയും മാർഗ്ഗനിർദ്ദേശവും നല്‍കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കി. ഘട്ടം ഘട്ടമായാണ് ഹോർമൂസില്‍ നിന്ന് കപ്പലുകളെ പുറത്തെത്തിക്കുക.