പഠനത്തിന് അയവ് : ഒ.സി.ഐ കാർഡുള്ള ഇന്ത്യൻ വംശജരായ വിദ്യാർഥികൾക്ക് ഇനി കേരളത്തിൽ എം.ടെക്കിന് പഠിക്കാം

പത്തനംതിട്ട:വിദേശരാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ വംശജരായ വിദ്യാർഥികൾക്ക് കേരളത്തിൽ ഇനി എം.ടെക്കിനു ചേരാം. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ), പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ) കാർഡുള്ളവരെ പ്രവേശന നടപടികളിൽ ഇന്ത്യൻ പൗരന്മാർക്ക് തുല്യമായി പരിഗണിക്കാൻ സർക്കാർ തീരുമാനിച്ചു.

ഈ അധ്യയന വർഷത്തെ എം.ടെക് പ്രവേശന പ്രോസ്പെക്ടസിലാണ് പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയത്.
​വിവിധ രാജ്യങ്ങളിൽനിന്നു വിദ്യാർഥികൾ എത്തുന്നതോടെ രാജ്യാന്തര അക്കാദമിക ഇടപെടലുകൾക്കും അറിവു കൈമാറ്റത്തിനും കൂടുതൽ സാധ്യതയുണ്ടാകുമെന്നാണു വിലയിരുത്തൽ. എന്നാൽ, ഇവർക്കു ഫീസ് ഇളവോ സംവരണമോ ലഭിക്കില്ല.

​നിലവിലെ എം.ടെക് പ്രവേശന പ്രോസ്പെക്ടസിൽ ഇന്ത്യൻ വംശജരായ വിദ്യാർഥികൾക്കു പ്രവേശനം നൽകുന്നതിനു വ്യവസ്ഥ ഉണ്ടായിരുന്നില്ല. അതേസമയം കീ പ്രോസ്പെക്ടസിൽ സമാന വ്യവസ്ഥ നിലവിലുണ്ടായിരുന്നു. 2 പ്രവേശന രീതികളിലും ഏകീകൃത സ്വഭാവം വേണമെന്ന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശത്തെ തുടർന്നാണ് പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയത്.