പാക്കിസ്ഥാനില്‍ റെയില്‍വേ ട്രാക്കിന് സമീപം സ്ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയില്‍ റെയില്‍വേ ട്രാക്കിന് സമീപം ഉണ്ടായ ഉഗ്ര സ്ഫോടനത്തില്‍ 24 പേർ കൊല്ലപ്പെട്ടതായും 50ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

സൈനികർ സഞ്ചരിച്ച ട്രെയിൻ ലക്ഷ്യമിട്ടാണ് സ്ഫോടനം നടന്നതെന്നാണ് സൂചന. കൊല്ലപ്പെട്ടവരില്‍ സൈനികരും ഉള്‍പ്പെടുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ക്വറ്റയിലെ ചമൻ ഫടക് റെയില്‍വേ സ്റ്റേഷന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ക്വറ്റയില്‍നിന്ന് പെഷാവറിലേക്ക് വരികയായിരുന്ന ട്രെയിനില്‍ സൈനികരും കുടുംബാംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഈദ് അവധി ആഘോഷിക്കാനായി പോകുമ്പോഴായിരുന്നു സംഭവം.

സ്ഫോടനത്തില്‍ ട്രെയിൻ ഭാഗികമായി തകർന്നു. സമീപത്ത് പാർക്ക് ചെയ്തിരുന്ന പത്തോളം വാഹനങ്ങള്‍ക്കും തകർന്നതായി പോലീസ് അറിയിച്ചു.