ട്രമ്പിന് കനത്ത തിരിച്ചടി;പകര ചുങ്കം ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ല’; നിയമവിരുദ്ധമെന്ന് യുഎസ് സുപ്രീംകോടതി

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പകര ചുങ്കം നിയമ വിരുദ്ധമെന്ന് സുപ്രീം കോടതി. ചുങ്കം ചുമത്താന്‍ ട്രംപിന് അധികാരമില്ലെന്നും അതിനുള്ള അടിയന്തര സാമ്പത്തിക സാഹചര്യം ഇപ്പോഴില്ലെന്നും കോടതി പറഞ്ഞു. ആഗോള സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സ് ആണ് ഭൂരിപക്ഷ വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ ക്ലാരന്‍സ് തോമസ്, സാമുവല്‍ അലിറ്റോ, ബ്രെറ്റ് കവനോ എന്നിവര്‍ വിധിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി.

വ്യാപകമായ രീതിയില്‍ താരിഫുകള്‍ ഏർപ്പെടുത്തിയ ട്രംപ്, തന്റെ അധികാര പരിധി ലംഘിച്ചുവെന്ന് കോടതി വിധിച്ചു. ദേശീയ അടിയന്തരാവസ്ഥകളില്‍ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് താരിഫുകള്‍ ചുമത്തിയതെന്ന് വിധിയില്‍ വ്യക്തമാക്കി. 6-3 ഭൂരിപക്ഷത്തിലാണ് ജഡ്ജിമാർ വിധി പ്രസ്താവിച്ചത്. 1977 ലെ ഇന്റർനാഷണല്‍ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്‌ട് (IEEPA) നിയമപ്രകാരം ലെവികള്‍ ചുമത്തുന്നത് അനുവദനീയമല്ലെന്നും കോടതി വിധിച്ചു.

യുഎസ് ഭരണഘടന പ്രസിഡന്റിനല്ല, കോണ്‍ഗ്രസിനാണ് നികുതികളും താരിഫുകളും പുറപ്പെടുവിക്കാനുള്ള അധികാരം നല്‍കുന്നതെന്നും ട്രംപ് താരിഫുകളെ ഒരു പ്രധാന സാമ്പത്തിക, വിദേശ നയ ഉപകരണമായി ഉപയോഗപ്പെടുത്തിയെന്നും കോടതി നിരീക്ഷിച്ചു. അമേരിക്കയുടെ സാമ്പത്തിക സുരക്ഷയ്ക്ക് തീരുവകള്‍ പ്രധാനമാണെന്ന് ട്രമ്പ് വിശേഷിപ്പിച്ചിരുന്നു. അവയില്ലാതെ രാജ്യം തകരുമെന്നും അദ്ദേഹം പ്രവചിച്ചു.