റായ്പൂര്‍: ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലെ പെട്രോള്‍ പമ്പില്‍ യുവാവിന്റെ പരാക്രമം മൂലം വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ബൈക്കില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ പുകവലിക്കാന്‍ ശ്രമിച്ചത് തടഞ്ഞതിനെത്തുടര്‍ന്ന് യുവാവ് സ്വന്തം ബൈക്കിന് തീയിടുകയായിരുന്നു. ഇതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
വ്യാഴാഴ്ച വൈകുന്നേരത്തോടെ പെട്രോള്‍ പമ്പിലെത്തിയതായിരുന്നു ധര്‍മേന്ദ്ര ഖത്രിയും ഇമ്രാനും. ബൈക്കില്‍ പെട്രോള്‍ നിറയ്ക്കാന്‍ തുടങ്ങിയതും ബൈക്കിന്‍റെ പിന്നിലിരുന്ന ധര്‍മേന്ദ്ര പുറത്തിറങ്ങി സിഗരറ്റ് വലിക്കാന്‍ ശ്രമിച്ചു. ഇര്‍ഫാനും പമ്പിലെ യുവാവും ഇത് വിലക്കിയതോടെ കുപിതനായ ധര്‍മേന്ദ്ര സിഗരറ്റ് ലൈറ്റര്‍ കൊണ്ട് ബൈക്കില്‍ പെട്രോള്‍ നിറച്ചിരുന്ന ഇന്ധന പൈപ്പിന് തീ കൊടുത്തു. വലിയ തീ ആളിക്കത്തി.
തീ പടരുന്നത് കണ്ടയുടനെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ ഫയര്‍ എക്സ്റ്റിംഗുഷറുകള്‍ ഉപയോഗിച്ച് തീയണച്ചു. ജീവനക്കാരുടെ വേഗത്തിലുള്ള ഇടപെടല്‍ മൂലം തീ ഇന്ധന ടാങ്കുകളിലേക്കോ മറ്റ് വാഹനങ്ങളിലേക്കോ പടര്‍ന്നില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
പമ്പില്‍ കയറി തീയിട്ടതിന് പിന്നാലെ രക്ഷപെടാന്‍ ശ്രമിച്ച ധര്‍മേന്ദ്രയെയും സുഹൃത്തിനെയും ജീവനക്കാര്‍ പിടികൂടി.തുടര്‍ന്ന് പൊലീസിന് കൈമാറുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പൊതുജന ജീവിതം അപകടത്തിലാക്കാന്‍ ശ്രമിച്ചതിന് കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്



