ഐപിസിയിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതിന് കാരണം മാനസാന്തരപ്പെടാത്ത നേതൃത്വം

പാസ്റ്റർ ബൈജു ജോർജ്
ഫോൺ : 95446 81705

ഐപിസിയിൽ ഇപ്പോൾ നിലവിലുള്ള പ്രതിസന്ധികളുടെ കാര്യകാരണങ്ങൾ പറയുമ്പോൾ, ഒരു മണിക്കൂർ പാസ്റ്റർ വത്സൻ എബ്രഹാവും കൂടെയുള്ളവരും തുറന്ന ഒരു ചർച്ചയ്ക്ക് തയ്യാറായായാൽ
പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാം എന്ന് ചിന്തിക്കുന്നവരുണ്ട്.

ആദിമ സഭാ കാലഘട്ടത്തിലും അപ്പോസ്തോലന്മാരുടെ ഇടയിലും ഭിന്നതകളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നു. പൗലോസും ബർണാബാസും തമ്മിൽ തർക്കം ഉണ്ടായി.(Act 15:36-40)

പൗലോസ് പത്രോസിനെ ശാസിക്കുന്നതായിട്ട് കാണുന്നു. (ഗല്യാ : 2:11-14) ജാതികളിൽ നിന്നും വിശ്വാസത്തിൽ വന്നവരെ സംബന്ധിച്ച് യെരുശലേം കൗൺസിലിൽ വിവിധ അഭിപ്രായങ്ങൾ ഉയർന്നു വന്നെങ്കിലും ഒടുവിൽ ഏകോപനപരമായ തീരുമാനത്തിലെത്തി. (Act 15)

ബർണബാസും പൗലോസും തർക്കം ഉണ്ടായത് മർക്കോസിന്റെ കാര്യത്തിലാ ണെങ്കിലും , ഒടുവിൽ മർക്കോസിനെ പൗലോസ് അംഗീകരിക്കുന്നതായി കാണുന്നു. (2Timo 4:11)

പത്രോസിനെ പൗലോസ് ശാസിച്ചെങ്കിലും പത്രോസ് തെറ്റ് തിരുത്തുന്നതായി കാണുന്നു. (2 Pet. 3:15)
യെരുശലേം കൗൺസിലും ഒരു പൊതുവായ ഐക്യ തീരുമാനം ഉണ്ടായി.(Act 15:22). എന്തുകൊണ്ടാണ് അപ്പോസ്തലന്മാരുടെ ഇടയിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടത്. ഒരേയൊരു കാരണം മാത്രമേ അതിനുള്ളു.

1) അവരുടെ എല്ലാം ലക്ഷ്യം എന്നു പറയുന്നത് യേശുക്രിസ്തുവിന്റെ സുവിശേഷം അറിയിക്കുക എന്നത് മാത്രമായിരുന്നു.

2) വിശ്വാസത്തിൽ വന്നവരെ ദൈവരാജ്യത്തിന് കൊള്ളാവുന്നവരായി നിലനിർത്തുക.

3) ദുരുപദേശങ്ങൾ നിന്ന് സഭയെ സംരക്ഷിച്ച് കർത്താവിന്റെ വരവിനായി ഒരുക്കുക.

വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നെങ്കിലും അവരെല്ലാവരും ഈ ലക്ഷ്യങ്ങൾ മുന്നിൽ നിർത്തി പ്രവർത്തിച്ചതുകൊണ്ട് സഭ വളർന്നു ദൈവരാജ്യം വികസിച്ചു.

ഇന്ന് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല എന്നതിന്റെ പ്രധാന കാരണം ദൈവരാജ്യം, സഭാ ഇതൊന്നും അല്ല ഇവരുടെ ലക്ഷ്യം എന്നതാണ്. സ്വന്തം രാജ്യവും സ്വന്തം അധികാരവും സ്വന്തം സ്ഥാനമാനങ്ങളും ധനസമ്പാദനവും മാത്രമായതു കൊണ്ടാണ് യോജിക്കാൻ കഴിയാത്തത്.

ആങ്ങള ചത്താലും നാത്തൂന്റെ കണ്ണുനീർ കണ്ടാൽ മതി എന്ന ഒരു തരം താണ നിലപാടിലേക്ക് നേതാക്കൾ എത്തിയിരിക്കുന്നു.

അല്ലായിരുന്നുവെങ്കിൽ കേസായി കോടതിയിൽ എത്തുന്നതിന് മുമ്പേ പരിഹരിക്കപ്പെടുമായിരുന്നു. എന്നാൽ ബോധപൂർവ്വം പ്രശ്നങ്ങൾ പരിഹരിക്കപ്പെടരുത് എന്ന് ആഗ്രഹിക്കുന്നവരും ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആടുകളെ കൂട്ടിയിടിപ്പിച്ച് ചോരകുടിച്ച ചെന്നായുടെ വഞ്ചനയ്ക്ക് പുറകിലുള്ള ലാഭമാണ് ഇതും എന്ന് കരുതാം.

വിഹിതമല്ലാത്ത ശുശ്രൂഷ ചെയ്ത ഉസിയാ രാജാവിന്റെ നെറ്റിയിൽ കുഷ്ടം പൊങ്ങി. ഇതോടെ ജീവപര്യന്തം അധികാരത്തിൽ നിന്നും മാറ്റപ്പെട്ടു നിൽക്കേണ്ടി വന്നു. ഇന്ന് അകത്ത് കുഷ്ടം ബാധിച്ച് മാന്യതയുടെ മേൽക്കുപ്പായം ഇട്ടു മറച്ചാലും അഗ്നിജാലയ്ക്ക് സമാനം കണ്ണുള്ളവന് ഇതൊന്നും മറവല്ലെന്നോർക്കുക. തിരുത്തൽ ഉണ്ടായില്ലെങ്കിൽ ഉസിയ രാജാവും അവന്റെ തലമുറകളും എത്തിയ വിനാശത്തിലേക്ക് നാമും എത്തിച്ചേരും എന്നതിൽ സംശയമില്ല. അത് വിദൂരമല്ലതാനും.

യെരുശലേമിന്റെ മതിൽ തകർന്നതറിഞ്ഞ് പ്രാർത്ഥിക്കുകയും ഉപവസിക്കുകയും ചെയ്ത നെഹമ്യാവിനെ പോലെ പ്രാർത്ഥിക്കുന്ന അനേക ദൈവമക്കൾ ദൈവദാസന്മാർ ഈ പ്രസ്ഥാനത്തിന്റെ അകത്തുണ്ട്. പ്രത്യക്ഷമായി ഏലിയാവ് ഒറ്റയാൾ മാത്രമാണ് എതിർത്തതെങ്കിലും ബാലിന് മുട്ടുമടക്കാത്ത 7000 പേർ കൂടെ ഉണ്ടായിരുന്നു എന്നത്
വാസ്തവമായിരുന്നു.

“അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാകട്ടെ; നീതിമാൻ ഇനിയും നീതി ചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.” വെളിപ്പാട് 22:11