‘ഉടൻ കരാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ മോശം കാര്യങ്ങള്‍ സംഭവിക്കും’; ഇറാന് കടുത്ത മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്

ന്യൂയോർക്ക്: തെക്കൻ ഏഷ്യയില്‍ ആശങ്ക പടർത്തി ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുന്നു. ഒരു പുതിയ സംഘർഷത്തിനുള്ള സാധ്യതകളെക്കുറിച്ചുള്ള ആശങ്ക ഉയർത്തിക്കൊണ്ട് ഈ വാരാന്ത്യത്തോടെ അമേരിക്കൻ സൈന്യം ഇറാനെ ആക്രമിച്ചേക്കാമെന്ന റിപ്പോർട്ടുകള്‍ ഉള്‍പ്പെടെ പുറത്തുവരുന്നുണ്ട്.

എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു നടപടിക്കും ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല.

എങ്കിലും, ജനീവയില്‍ ടെഹ്‌റാനുമായി ആണവ ചർച്ചകള്‍ തുടരുമ്പോഴും, വാഷിംഗ്‌ടണ്‍ കൂടുതല്‍ വ്യോമ, നാവിക ശക്തികളെ മിഡില്‍ ഈസ്‌റ്റിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് അമേരിക്കയുമായി ഒരു ആണവ കരാറില്‍ എത്താൻ ഇറാൻ തയ്യാറായില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

തന്റെ ബോർഡ് ഓഫ് പീസിന്റെ പ്രഥമ യോഗത്തില്‍ സംസാരിക്കവെ, ടെഹ്‌റാനുമായി അർത്ഥവത്തായ കരാർ ഉണ്ടാക്കുന്നത് വർഷങ്ങളായി ബുദ്ധിമുട്ടായി തുടരുകയാണെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അങ്ങനെയൊരു കരാർ നടന്നില്ലെങ്കില്‍, മോശം കാര്യങ്ങള്‍ സംഭവിക്കും എന്നും ഡൊണാള്‍ഡ് ട്രംപ് കൂട്ടിച്ചേർത്തു.

ഇറാനുമായുള്ള ആണവ കരാറിന് യുഎസ് സൈനിക സാന്നിധ്യം വർധിപ്പിച്ച്‌ സമ്മർദ്ദം ചെലുത്തുന്നതിനിടെ, ടെഹ്‌റാന് ട്രംപ് കർശന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സമാധാന ബോർഡ് യോഗത്തില്‍ സംസാരിച്ച ട്രംപ്, ‘ഇറാനു മിഡില്‍ ഈസ്‌റ്റിന്റെ സ്ഥിരതയെ ഇനിയും ഭീഷണിപ്പെടുത്താനാവില്ല’ എന്നും, ആണവായുധങ്ങള്‍ നേടാൻ അവരെ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

‘അവർക്ക് ആണവായുധങ്ങള്‍ ഉണ്ടാക്കാൻ കഴിയില്ല. ആണവായുധങ്ങളുണ്ടെങ്കില്‍ മിഡില്‍ ഈസ്‌റ്റില്‍ സമാധാനം ഉണ്ടാകില്ല. ഇത് വളരെ ശക്തമായി അവരെ അറിയിച്ചിട്ടുണ്ട്’ ട്രംപ് ഊന്നിപ്പറഞ്ഞു. താൻ മുന്നോട്ട് വെച്ച നയതന്ത്ര പാതയില്‍ ചേരാൻ ടെഹ്‌റാനെ ട്രംപ് പ്രേരിപ്പിച്ചു, യുഎസ് ഏത് ഫലവുമായും മുന്നോട്ട് പോകാൻ കഴിയുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

‘ഇപ്പോള്‍ ഇറാൻ ഞങ്ങളോടൊപ്പം ചേരേണ്ട സമയമാണ്. അവർ ഞങ്ങളോടൊപ്പം ചേർന്നാല്‍ നന്നായിരിക്കും. അവർ ചേരുന്നില്ലെങ്കില്‍ അതും നന്നായിരിക്കും. പക്ഷെ അതൊരു വളരെ വ്യത്യസ്‌തമായ വഴിയായിരിക്കും,” ട്രംപ് പറഞ്ഞു. അതേസമയം, ഇരുപക്ഷവും പരസ്‌പരം ഭീഷണിപ്പെടുത്തുന്നുണ്ട്. നയതന്ത്രം ആഗ്രഹിക്കുന്നുണ്ടെങ്കിലും ഏകപക്ഷീയമായ ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന് ഇറാൻ പറയുന്നു.

സായുധ നടപടിക്കുള്ള സാധ്യതയെക്കുറിച്ച്‌ ട്രംപ് പരസ്യമായി സൂചന നല്‍കിയിട്ടുണ്ട്. ട്രൂത്ത് സോഷ്യലിലെ ഒരു പോസ്‌റ്റില്‍, ചാഗോസ് ദ്വീപുകളിലെ ഡീഗോ ഗാർസിയ വ്യോമസേനാ താവളം ചർച്ചകള്‍ പരാജയപ്പെട്ടാല്‍ ആവശ്യമായി വന്നേക്കാമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഈ വാരാന്ത്യത്തോടെ ആക്രമണം നടത്താൻ സൈനിക പദ്ധതികള്‍ തയ്യാറാണെന്ന് വൈറ്റ് ഹൗസിനെ അറിയിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ഇറാനെതിരായ നടപടികളില്‍ ട്രംപ് ഇപ്പോഴും ആലോചിച്ചു കൊണ്ടിരിക്കുകയാണെന്നും, ആക്രമണം അംഗീകരിക്കുന്നതിനെക്കുറിച്ച്‌ ഉപദേഷ്‌ടാക്കളെയും സഖ്യകക്ഷികളെയും സമീപിച്ച്‌ അഭിപ്രായം തേടുകയാണെന്നും സിഎൻഎൻ ഉദ്ധരിച്ച വൃത്തങ്ങള്‍ പറയുന്നു. 2003-ന് ശേഷമുള്ള മേഖലയിലെ ഏറ്റവും വലിയ യുഎസ് വിന്യാസമാണിതെന്ന് അധികൃതർ പറയുന്നു.

അതേസമയം, ജനീവയിലെ ചർച്ചകള്‍ക്ക് പരിമിതമായ പുരോഗതി മാത്രമേ നേടാനായുള്ളൂവെന്നും നിരവധി തർക്കങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് പറഞ്ഞു. നേരിയ പുരോഗതിയുണ്ടായി, പക്ഷെ ചില വിഷയങ്ങളില്‍ ഞങ്ങള്‍ ഇപ്പോഴും വലിയ അകലത്തിലാണെന്നാണ് അദ്ദേഹം പറഞ്ഞത്.

വരുന്ന ദിവസങ്ങളില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം ആയില്ലെങ്കില്‍ വീണ്ടും യുഎസ്-ഇറാൻ നേരിട്ടുള്ള സംഘർഷത്തിനുള്ള വഴിയാണ് തുറക്കുക. അധികം വൈകാതെ തന്നെ പ്രതിസന്ധി പരിഹരിക്കണം എന്നാണ് പല കോണുകളില്‍ നിന്ന് ഉയരുന്ന ആവശ്യം. ജനീവയില്‍ നടക്കുന്ന ചർച്ചകള്‍ പക്ഷേ ഫലപ്രദമായിട്ടില്ലെന്നാണ് കരുതുന്നത്.