കാട്ടാന കലിപ്പിൽ വിറങ്ങലിച്ച് വയനാട്;വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

കല്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വയനാട് അട്ടമലയിലാണ് സംഭവം. അട്ടമല സ്വദേശിയായ ബാലനാണ്(27) കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.

എങ്ങനെയാണ് യുവാവിനെ കാട്ടാന ആക്രമിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും തത്ക്ഷണം മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേയ്ക്ക് തിരിച്ചു.

കഴിഞ്ഞദിവസം വയനാട് നൂല്‍പ്പുഴയിലും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കിടെ കേരളത്തിൽ കാട്ടാനയാക്രമണത്തിൽ നാലുപേരാണ് കൊല്ലപ്പെട്ടത്.

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ബാധിത മേഖലയോട് ചേര്‍ന്ന പ്രദേശമാണ് അട്ടമല. ബെയിലി പാലം കടന്ന് എത്തിച്ചേരുന്ന ഈ പ്രദേശത്ത് വളരെക്കുറച്ച് ആളുകള്‍ മാത്രമാണ് താമസിക്കുന്നത്. ഉരുള്‍പ്പൊട്ടലിന് ശേഷം ഇവിടെ കാട്ടാനശല്യം രൂക്ഷമാണെന്ന് അറിയിച്ചിട്ടും വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

കഴിഞ്ഞദിവസവും വയനാട്ടിൽ കാട്ടാന ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. നീലഗിരി ജില്ലയിലെ മെഴുകന്‍മൂല ഉന്നതിയില്‍ താമസിക്കുന്ന മാനു (46) ആണ് കാട്ടാന ആക്രമണത്തില്‍ നൂല്‍പ്പുഴയില്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി എട്ടോടെ ജോലികഴിഞ്ഞ് തറവാട്ടുവീട്ടിലേക്ക് സാധനങ്ങളുംവാങ്ങി വരുന്നവഴിയിലായിരുന്നു ആന ആക്രമിച്ചത്.

വീടിന് ഇരുനൂറുമീറ്ററോളം അകലെയുള്ള വയലിലാണ് മൃതദേഹം കണ്ടത്. ആനയുടെ കൊമ്പ് ശരീരത്തിലാഴ്ന്ന് ആന്തരികാവയവങ്ങള്‍ പുറത്തുവന്നനിലയിലായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഉച്ചയ്ക്ക് 11.45-ഓടെ മാത്രമേ മാനുവിന്റെ മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാനായുള്ളൂ. ഈ സംഭവത്തില്‍ വലിയ പ്രതിഷേധമാണ് വയനാട്ടില്‍ കഴിഞ്ഞദിവസം അരങ്ങേറിയത്. ഇതിനുപിന്നാലെയാണ് മറ്റൊരാള്‍ കൂടി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.