തിരുവനന്തപുരം : പതിനെട്ടാം വയസ്സിൽ വൃഷണാർബുദ ബാധിതനായ യുവാവിൻ്റെ ശീതീകരിച്ച് വെച്ചിരുന്ന ബീജം ഉപയോഗിച്ച് ഒൻപത് വർഷത്തിന് ശേഷം കുഞ്ഞിന് ജന്മം നൽകി. ശീതികരിച്ച ബീജത്തിൽ നിന്നും ആൺകുഞ്ഞിനാണ് ജന്മം നൽകിയിരിക്കുന്നത്. പാറ്റൂർ സമദ് ആശുപത്രിയിൽ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കുഞ്ഞു ജനിച്ചത്. മൈനസ് 196 ഡിഗ്രി സെൽഷ്യസിൽ ശീതീകരിച്ചു സൂക്ഷിച്ച ബീജം പ്രയോജനപ്പെടുത്തി വർഷങ്ങൾക്കു ശേഷം നടത്തിയ ഐവിഎഫ് ചികിത്സയിലൂടെയാണ് കുഞ്ഞു ജനിച്ചത്.
2016ൽ വൃഷണാർബുദം ബാധിച്ച് ചികിത്സ തുടങ്ങുന്നതിനു മുൻപാണ് യുവാവ് സമദ് ആശുപത്രിയിൽ ബീജം ശീതീകരിച്ചു സൂക്ഷിക്കാൻ നിർണായക തീരുമാനമെടുത്തത്. വൃഷണാർബുദമായതിനാൽ അവയവം നീക്കംചെയ്യേണ്ടിവരുമെന്ന് ആർസിസിയിലെ ഡോക്ടർമാർ പറഞ്ഞിരുന്നു. ശസ്ത്രക്രിയയും കീമോതെറാപ്പിയും പൂർത്തിയാക്കി രോഗമുക്തി നേടിയ യുവാവ് പിന്നീട് വിവാഹിതനാവുകയായിരുന്നു.
തുടർന്നാണ് ശീതീകരിച്ച് സൂക്ഷിച്ച ബീജമുപയോഗിച്ച് ചികിത്സയിലൂടെ കുഞ്ഞെന്ന വലിയ സ്വപ്നം സാക്ഷാത്കരിച്ചത്.10 വർഷം വരെ ബീജം സൂക്ഷിക്കുന്നതിന് നിയമപരമായ അനുമതികൾ ആവശ്യമില്ല. എന്നാൽ, കൂടുതൽ കാലം സൂക്ഷിക്കണമെങ്കിൽ നാഷണൽ ബോർഡിൻ്റെ അനുമതി വേണം.
ലിക്വിഡ് നൈട്രജൻ ക്രയോ പ്രിസർവേഷൻ രീതിയിലൂടെ, മൈനസ് 196 ഡിഗ്രി സെൽഷ്യസിലാണ് ഇവ വർഷങ്ങളോളം സൂക്ഷിക്കുന്നത്. ‘സസ്പെൻഡഡ് അനിമേഷൻ’ എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ദമ്പതികൾക്ക് സിസേറിയനിലൂടെയാണ് കുഞ്ഞ് ജനിച്ചത്.