ഇവിടെ ഞാൻ സുഖമായിരിക്കുന്നു..
ഇത്രയും വേഗത്തിൽ എന്നെ ഇവിടേക്ക് അയച്ച നിങ്ങൾക്ക് നല്ലതു മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഒരുപക്ഷേ നിങ്ങൾ എന്നോട് കാണിച്ചത് ക്രൂരതയായി പോയി എന്ന് ഞാൻ എന്റെ ജഡത്തിൽ ചിന്തിച്ചിട്ടുണ്ട്.ഞാൻ നിൽക്കുന്ന പ്രസ്ഥാനത്തിനുവേണ്ടി രാപകലില്ലാതെ ഞാൻ ഓടി,അധ്വാനിച്ചു, പലവട്ടം ഉറക്കളിപ്പ്, പട്ടിണി, പരവേശം…..
ഉറങ്ങാൻ നല്ല കിടക്ക ഇല്ലാഞ്ഞിട്ടല്ല പക്ഷേ ഞാൻ പഠിപ്പിച്ച, സഹായിച്ച, എന്റെ മക്കളുടെ പ്രായമുള്ള നിങ്ങളിൽ ചിലർ എന്റെ നേരെ ചൂണ്ടിയ വിരൽ…. എന്റെ ഉറക്കം കെടുത്തി.
എനിക്ക് ആവശ്യത്തിന് കഴിക്കാൻ ഭക്ഷണം എന്റെ വീട്ടിൽ ഉണ്ട്.പക്ഷേ എന്നെ ഒരു കള്ളൻ എന്ന് മുദ്രകുത്തിയപ്പോൾ എന്റെ വായിൽ വച്ച ഭക്ഷണം പലപ്പോഴും തൊണ്ടയിൽ നിന്നും താഴേക്ക് ഇറങ്ങിയില്ല.
എന്റെ പരവേശം വെള്ളം കിട്ടാത്തത് കൊണ്ടല്ല ഇങ്ങനെ മുന്നോട്ടു പോയാൽ ഞാൻ സ്നേഹിക്കുന്ന, ആവോളം അധ്വാനിച്ച പ്രസ്ഥാനത്തിന്റെ ഭാവി എന്താകും എന്ന ചിന്ത….
ഞാൻ ചെയ്ത നന്മയിൽ എല്ലാം നിങ്ങളിൽ ചിലർ കുറ്റം കണ്ടെത്തി. എന്റെ ഭാര്യക്ക് ഞാൻ നല്ല ഒരു ഭർത്താവായിരുന്നു എന്ന് എന്റെ ഭാര്യയുടെ സാക്ഷ്യംഞാൻ കേട്ടു, പക്ഷേ കുടുംബജീവിതത്തിൽ അവിശ്വസ്തരായി ജീവിക്കുന്ന നിങ്ങളെന്നെ ചോദ്യംചെയ്തു.
എന്റെ മക്കൾക്ക് ഞാൻ നല്ല ഒരു പിതാവായിരുന്നു എന്ന് എന്റെ മക്കൾ ഓരോരുത്തരുടെയും സാക്ഷ്യം ഞാൻ കേട്ടു.. പക്ഷേ സ്വന്തം കുടുംബത്തെ നന്നായി ഭരിക്കാൻ പരാജയപ്പെട്ട നിങ്ങൾ എന്റെ നേരെ അമ്പുകൾ തൊടുത്തുവിട്ടു.
നിങ്ങളുടെ ജീവിതത്തിലെ എത്രയോ പ്രശ്നങ്ങൾ രേഖാമൂലം എന്റെ അടുക്കൽ വന്നു.പക്ഷേ ഞാൻ അത് മറച്ചു… നിങ്ങളുടെ ശുശ്രൂഷയും കുടുംബത്തെയും കരുതി. എന്നെ നിന്ദിച്ചത് ഒരു ശത്രു ആയിരുന്നില്ല എങ്കിൽ ഞാൻ സഹിക്കുമായിരുന്നു. എന്റെ കൂടെ നിന്നവരും ഞാൻ കൈത്താങ്ങിയവരും എന്റെ അപ്പം തിന്നവരുമായ പ്രാണസ്നേഹിതൻ പോലും എന്റെ നേരെ കുതികാൽ ഉയർത്തി.
ഒരു ലീഡർ എന്ന നിലയിൽ ഞാൻ ഒത്തിരി സഹിച്ചു. കഴിഞ്ഞ ചില വർഷങ്ങളായി നിങ്ങൾക്ക് ഓരോരുത്തർക്കും അടിക്കാവുന്ന ചെണ്ട ആയി എന്റെ മുതുകു മാറി. എന്റെ മുഖത്തെ രോമം പിച്ചി പറിച്ച് വികൃതമാക്കി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പ്രദർശിപ്പിച്ചു. പതിനെട്ടിന്റെ ചോരത്തിളപ്പിൽ അല്ലാത്തതുകൊണ്ട് ആയിരിക്കാം നിങ്ങൾ അടിച്ച ഓരോ അടിയും എനിക്ക് വേദനയും ക്ഷീണവും സമ്മാനിച്ചു. ഓരോ ദിവസവും ഉള്ള അടി എനിക്ക് താങ്ങാവുന്നതിലും അധികമായിരുന്നു.
എങ്കിലും കുറെ നല്ല മനുഷ്യർ എന്റെ മുറിവിൽ തൈലം പൂശിയത് എനിക്ക് ആശ്വാസമായിരുന്നു. എന്റെ വേദന ശരിക്കും അറിയാവുന്ന എന്റെ യജമാനൻ എന്നോട് പറഞ്ഞു ‘നീ സഹിച്ചത് മതി നിന്നെ തല്ലിച്ചതയ്ക്കുന്നത് ഞാൻ കണ്ടു നിന്റെ പ്രാണൻ എടുക്കാൻ എനിക്ക് മാത്രമേ അധികാരമുള്ളൂ എന്നതിനാൽ ഞാൻ നിന്നെ എന്റെ അടുക്കൽ ചേർക്കുവാൻ പോവുകയാണ്’.
ഈ ശബ്ദം എന്റെ കാതിൽ വ്യക്തമായി ഞാൻ കേട്ടു കഴിഞ്ഞപ്പോൾ എനിക്ക് ലഭിച്ച വേദിയിൽ ഞാൻ അത് ഉറക്കെ പറഞ്ഞു. കുറെ വേദികൾ എനിക്കുവേണ്ടി ഒരുങ്ങിയെങ്കിലും….”മതി ഇവിടെ കയറി വരിക” എന്ന ശബ്ദത്തിനു മുമ്പിൽ ഞാൻ എന്നെ സമർപ്പിച്ചു.
പ്രിയ സഹോദരന്മാരെ എനിക്ക് നിങ്ങളോട് പറയാനുള്ള ഒറ്റക്കാര്യം….
വ്യക്തിപരമായി ഞാൻ നിങ്ങൾക്ക് ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല നിങ്ങളുടെ മോഷ്ടിച്ചിട്ടില്ല പിടിച്ചു പറഞ്ഞിട്ടില്ല പിന്നെ എന്തിന് നിങ്ങൾ എന്നെ അടിച്ചു? എനിക്ക് മനസ്സിലായ ഒരു കാര്യം… ആരുടെയോ സ്വാർത്ഥ ലാഭത്തിനു വേണ്ടി….ഒരു ഗ്രൂപ്പിന് വേണ്ടി… നിങ്ങൾ എന്തൊക്കെയോ ചെയ്തു കൂട്ടുന്നു…. ഇനിയും ആരെയും ഇങ്ങനെ തല്ലിചതക്കരുത്…. പിച്ചി ചീന്തരുത്…. പ്ലീസ്…..
തുലയട്ടെ അധികാരമോഹം, നിർത്തലാക്കൂ ഗ്രൂപ്പിസം…. ആരെയും കെടുത്തരുത് കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം എല്ലാവരോടും സമാധാനം ആയിരിക്കുക. എന്റെ യജമാനൻ വിശുദ്ധന്മാരെ ചേർക്കാൻ വേഗം വരും… ഉണരുക, ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്കുക …
ഞാൻ ഇവിടെ ഭൗമീക ശരീരത്തിൽ അല്ലാത്തതിനാൽ അവിടുത്തെ പേര് ഇടുന്നില്ല…… ഊമ കത്തുകൾ ഒത്തിരി ഇറങ്ങുന്നതിനാലും അതിന് മാന്യന്മാർ വിലകൽപ്പിക്കാത്തതിനാലും ഒരു പേര്….
പാസ്റ്റർ ബിനു ജോസഫ്
തേങ്ങോട്….
(സോഷ്യൽ മീഡിയ)