ഇന്ത്യന്‍ സേനാ ഡ്രോണുകള്‍ ഹാക്ക്‌ ചെയ്യപ്പെട്ടു; തിരിച്ചടിയായത്‌ ചൈനീസ്‌ ഘടകങ്ങള്‍

ന്യൂഡല്‍ഹി: മേക്ക്‌ ഇന്‍ ഇന്ത്യ സംരംഭത്തിലൂടെ ഇന്ത്യന്‍ സൈന്യത്തിനു വേണ്ടി നിര്‍മിച്ച ഡ്രോണുകള്‍ ഹാക്ക്‌ ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്‌.

ഒരു വര്‍ഷത്തിനിടെ കുറഞ്ഞത്‌ രണ്ടുതവണ വിവരങ്ങള്‍ ഹാക്ക്‌ ചെയ്യപ്പെട്ടതായാണു കണ്ടെത്തല്‍.
ലോകമെമ്ബാടുമുള്ള സൈനികര്‍ രഹസ്യാന്വേഷണത്തിനും ആക്രമണാവശ്യങ്ങള്‍ക്കുമായി ഡ്രോണുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കെയാണു ഹാക്ക്‌ സംബന്ധിച്ച വിവരം പുറത്തുവന്നത്‌. അതിര്‍ത്തിമേഖല നിരീക്ഷിക്കാനും കരസേനയെ സഹായിക്കാനുമായി ഇന്ത്യന്‍ സൈന്യവും ഡ്രോണുകളെ വ്യാപകമായി ആശ്രയിക്കുന്നുണ്ട്‌.

കഴിഞ്ഞവര്‍ഷം രണ്ടുതവണയെങ്കിലും ഇന്ത്യന്‍ ഡ്രോണുകള്‍ ഹാക്ക്‌ ചെയ്യപ്പെട്ടിട്ടുള്ളതായി ഇന്ത്യാ ടുഡേയാണു റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ (എല്‍.എ.സി) ആദ്യവും നിയന്ത്രണ രേഖയില്‍ (എല്‍.ഒ.സി) പിന്നീടും ഇതു നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡ്രോണുകളിലെ ചൈനീസ്‌ ഘടകങ്ങള്‍ ദുരുപയോഗം ചെയ്‌താണു ഡ്രോണുകള്‍ ഹാക്ക്‌ ചെയ്യപ്പെട്ടതെന്നാണ്‌ ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വിശദീകരണം. ആദ്യ ഹാക്കിങ്ങിനെത്തുടര്‍ന്ന്‌ ഡ്രോണുകള്‍ക്ക്‌ പറന്നുയരാന്‍ കഴിഞ്ഞില്ല.

രണ്ടാമത്തെ സംഭവത്തില്‍ അതിര്‍ത്തിക്കപ്പുറത്തുള്ളവര്‍ ഡ്രോണുകളുടെ നിയന്ത്രണം ഏറ്റെടുത്തതായും റിപ്പോര്‍ട്ടിലുണ്ട്‌. ഇതോടെ ഡ്രോണുകള്‍ ഗതിമാറി പാകിസ്‌താന്‍ പ്രദേശത്തേക്കു പ്രവേശിച്ചെന്നാണു പ്രതിരോധ ഉദ്യോസ്‌ഥനില്‍നിന്നു ലഭിച്ച വിവരമെന്നും റിപ്പോര്‍ട്ട്‌ പറയുന്നു.
ഇന്ത്യയിലെ വിതരണക്കാരില്‍നിന്നു വാങ്ങിയ ഡ്രോണുകളുടെ പല ഘടകങ്ങളും ചൈനയില്‍നിന്നുള്ളവയാണ്‌്. അതുകൊണ്ടുതന്നെ ഇവയുടെ ഹാക്കിങ്‌ എളുപ്പമാകുമെന്നു പറയപ്പെടുന്നു.

ലോകത്തെ വാണിജ്യ ഡ്രോണ്‍ വിതരണത്തില്‍ 90 ശതമാനവും ചൈനയുടെ ആധിപത്യത്തിലാണെന്ന്‌ സെന്റര്‍ ഫോര്‍ സ്‌ട്രാറ്റജിക്‌ ആന്‍ഡ്‌ ഇന്റര്‍നാഷണല്‍ സ്‌റ്റഡീസ്‌ (സി.എസ്‌.ഐ.എസ്‌) നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. വിപണി വിഹിതത്തിന്റെ 70 ശതമാനവും ചൈനീസ്‌ കമ്ബനിയായ ഡി.ജെ.ഐക്ക്‌ സ്വന്തമാണ്‌.

ഇന്ത്യന്‍ ഡ്രോണുകള്‍ ഹാക്ക്‌ ചെയ്യപ്പെട്ട രണ്ടു ഘട്ടങ്ങളിലും സാങ്കേതികത്തകരാര്‍ സംഭവിച്ചെന്നാണ്‌ ആദ്യം കരുതിയിരുന്നത്‌. എന്നാല്‍ അവ ഹാക്കിങ്‌ കേസുകളാണെന്നു തെളിഞ്ഞതായാണ്‌ സൈനികവൃത്തങ്ങളില്‍നിന്നു ലഭിച്ച വിവരമായി ഇന്ത്യാ ടുഡെ വെളിപ്പെടുത്തുന്നത്‌. പ്രതിരോധ മന്ത്രാലയം പിന്നീട്‌ കാര്യങ്ങള്‍ പരിശോധിച്ചു. ഇതോടെ നിരവധി നിര്‍മാതാക്കള്‍ ഡ്രോണ്‍ ഘടകങ്ങള്‍ക്കായി ചൈനീസ്‌ കമ്ബനികളെ ആശ്രയിക്കുന്നതായി കണ്ടെത്തിയെന്നാണു വിവരം. ഉപകരണങ്ങളിലേക്കു പ്രവേശിക്കാന്‍ കഴിയുന്ന ‘ബാക്‌ഡോറുകളായി’ പ്രവര്‍ത്തിക്കാന്‍ ഇത്തരം ഘടകങ്ങള്‍ക്കു കഴിയും. ഇതിലൂടെയാണ്‌ ഘടക നിര്‍മാതാക്കള്‍ ഡ്രോണുകളില്‍നിന്നുള്ള ഡേറ്റ, ഫ്‌ളൈറ്റ്‌പാത്ത്‌, പ്രവര്‍ത്തനസമയം തുടങ്ങിയവ ചോര്‍ത്തിയെടുക്കുന്നത്‌. ഡ്രോണിന്റെ നിയന്ത്രണം വരെ ഏറ്റെടുക്കാന്‍ ഇത്തരം ബാക്‌ഡോറുകളിലൂടെ സാധിക്കും.

പാളിച്ച കണ്ടെത്തിയ ശേഷം, ഇന്ത്യന്‍ സൈന്യത്തില്‍ ചൈനീസ്‌ ഉപകരണങ്ങളുടെ ഉപയോഗം തടയാന്‍ ചട്ടക്കൂട്‌ രൂപീകരിക്കുന്നുണ്ട്‌. അന്തിമരൂപം നല്‍കിക്കഴിഞ്ഞാല്‍ ഇതു പ്രതിരോധ മന്ത്രാലയത്തിനു സമര്‍പ്പിക്കും. ഇതിന്‌ അംഗീകാരം ലഭിക്കുന്നതോടെ വ്യോമസേന, നാവികസേന, കോസ്‌റ്റ് ഗാര്‍ഡ്‌ എന്നിവയ്‌ക്ക് കൂടുതല്‍ സാങ്കേതിക സുരക്ഷിതത്വമുണ്ടാകുമെന്നും റിപ്പോര്‍ട്ട്‌ പറയുന്നു.