നമ്മുടെ ഓരോ പ്രവര്‍ത്തികളും ആര്‍ക്കൊക്കെയോ ഉപകരിക്കുന്നുണ്ട്

കാടിനുളളില്‍ നദീതീരത്താണ് ഒരു കുടില്‍ കെട്ടി ഗുരു താമസിച്ചിരുന്നത്. നദീതീരത്തിരുന്ന് മന്ത്രം ചൊല്ലുക അദ്ദേഹത്തിന്റെ ശീലമായിരുന്നു.

ഒരു ദിവസം മന്ത്രോച്ചാരണത്തിനിടെ മുളകൊണ്ട് കുട്ടയുണ്ടാക്കി നദിയില്‍ ഒഴുക്കിവിട്ടു. പിന്നീട് അതൊരു ശീലമായി മാറി. ഒരിക്കല്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍ ചോദിച്ചു: എന്തിനാണ് എന്നും ഇങ്ങനെ കുട്ടയുണ്ടാക്കി ഒഴുക്കിവിടുന്നത്. ആര്‍ക്കും ഒരു ഉപകാരമില്ലാത്ത കാര്യം എന്തിനാണ് ഇങ്ങനെ ആവര്‍ത്തിക്കുന്നത്?

ഗുരു പറഞ്ഞു: ഞാന്‍ ചെയ്യുന്ന ഈ കര്‍മ്മത്തിന് ആര്‍ക്കെങ്കിലും ഫലം ലഭിക്കും. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഗുരുവിന് സുഖമില്ലാതായി. അദ്ദേഹം രാപകല്‍ കുടിലില്‍ തന്നെ ചിലവഴിച്ചു. ഒ

രു ദിവസം ശിഷ്യന്‍ നദീ തീരത്തുകൂടി നടക്കുന്നതിനിടയില്‍ ഒരു വൃദ്ധ കരയുന്നത് കണ്ട് കാരണമന്വേഷിച്ചു. അവര്‍ പറഞ്ഞു: കുറച്ച് ദിവസംമുമ്പ് വരെ എന്നും രാവിലെ ഒരു കുട്ട നദിയിലൂടെ ഒഴുകി വരുമായിരുന്നു. ആ കുട്ട വിറ്റാണ് ഞാന്‍ ഭക്ഷണം കഴിച്ചിരുന്നത്. ഇപ്പോള്‍ ആ കുട്ട എനിക്ക് ലഭിക്കുന്നില്ല. ഞാനിപ്പോള്‍ പട്ടിണിയിലാണ്.

ശിഷ്യന്‍ തിരികെ വന്ന് ഗുരുവിനോട് കാര്യം പറഞ്ഞു. മാത്രമല്ല, ഗുരുവിന് സുഖമാകുന്നത് വരെ അവന്‍ മന്ത്രം ചൊല്ലുന്നതിനോടൊപ്പം ഒരു കുട്ടയുണ്ടാക്കി നദിയില്‍ ഒഴുക്കിവിട്ടുകൊണ്ടേയിരുന്നു..

അദൃശ്യമായ അനന്തരഫലങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമാണ് നിസ്വാര്‍ത്ഥമായ കര്‍മ്മങ്ങള്‍ തുടരാനാകുക. ഓരോ കര്‍മ്മത്തിനും ഉടനടി പ്രതിഫലം പ്രതീക്ഷിക്കുന്നവര്‍ക്ക് ദീര്‍ഘവീക്ഷണമുളള ഒന്നുംതന്നെ ചെയ്യാനാകില്ല.

ദൃശ്യമായ ഫലങ്ങള്‍ക്ക് വേണ്ടിമാത്രമാണ് നാം പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഒരു തൈ പോലും ആരും നടില്ലായിരുന്നു. നമ്മുടെ ഓരോ പ്രവര്‍ത്തികളും ആര്‍ക്കൊക്കെയോ ഉപകരിക്കുന്നുണ്ടെന്ന വിചാരമാണ് നിഷ്‌കാമകര്‍മ്മത്തിന്റെ അടിത്തറ.

നമ്മുടെ ഒരോ പ്രവര്‍ത്തികള്‍ക്കും വേണ്ടി ആരോ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്.. അതെ നിഷ്‌കാമകര്‍മ്മം നമ്മുടെ നിത്യേനയുളള ശീലങ്ങളുടെ ഭാഗമാക്കാം

– ശുഭദിനം.