അമിതഭാഷണം കുടുംബാന്തരീക്ഷം കലുഷിതമാക്കും: റവ: സണ്ണി താഴാംപള്ളം

സാബു തൊട്ടിപ്പറമ്പിൽ
ജനറൽ കറസ്പോണ്ടൻ്റ്

ഇടുക്കി:ക്രിസ്തീയ ജീവിതത്തിലും കുടുംബാന്തരീക്ഷത്തിലും സമാധാനം കെടുത്തുന്ന വലിയ വിഷയമാണ് സംസ്സാരം. അമിതഭാഷണമാണ് കുടുംബാന്തരീക്ഷത്തെ കലുഷിതമാക്കുന്നത്. വാക്കുകൾ മറ്റുള്ളവർക്ക് പ്രചോദനമുളവാക്കുന്നതാകണം. അതാതെയുള്ള സംസാരങ്ങൾ കുടുംബാന്തരീക്ഷത്തെ ഉലീമസമാക്കും. റവ: സണ്ണി താഴാംപള്ളം അഭിപ്രായപ്പെട്ടു.

ക്രൈസ്തവ ചിന്തയും ബെഥെസ്ദ മിനിസ്ട്രിയും ചേർന്ന് അണക്കര ഏ ജി ചർച്ചിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പരസ്പരമുള്ള വാക്കുകൾ അത് മറ്റുള്ളവർക്ക് മുറിവേൽക്കുന്നതായിരിക്കുരുത്.ചിലർ സാക്ഷ്യത്തിന് എഴുന്നേൽക്കുമ്പോൾ പോലും ‘കുത്തി’ സംസാരിക്കും. അത് അരുത്, ഒരിക്കലും പാടില്ലാത്തതാണ്.

ഡോ. ജോളി ജോസഫ്

കുടുംബത്തിനുള്ളിലായാൽ പോലും ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വാക്കുകൾ അനൈക്യത്തിന് കാരണമായിത്തീരും. വീട്ടിലും ദൈവീക സമാധാനം സംജാതമാക്കുകയെന്നതാണ് പരമപ്രധാനമായ കാര്യം.പ്രാർത്ഥനയ്ക്ക് രണ്ടാം സ്ഥാനം നൽകിയാലും കുഴപ്പമില്ല. കാരണം സമാധാനം ഇല്ലെങ്കിൽ പ്രാർത്ഥിക്കാൻ കഴിയാതെ വരും.

ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് വ്യത്യസ്ത സ്വഭാവത്തിലാണ്. വചന ധ്യാനത്തിലൂടെയും പ്രാർത്ഥനയിലൂടെയും ദൈവീകസമാധാനം പ്രാപിക്കാം. ഒപ്പം പരിശുദ്ധാത്മാവിൻെറ സാന്നിദ്ധ്യം കൂടി വന്നുചേരുന്നതോടെ കുടുംബാന്തരീക്ഷം ശാന്തിയുടെ സമാധാനത്തിന്റെയും വേദിയാകും. റവ: സണ്ണി താഴാംപളളം പറഞ്ഞു.

വലിയ പ്രതീക്ഷയോടെയാണ് ഓരോരുത്തരും കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ സങ്കൽപ്പിക്കുന്നതുപോലെയോ ആഗ്രഹിക്കുന്നതുപോലെയോ ആയിരിക്കണമെന്നില്ല കുടുംബജീവിതം . പ്രശ്നങ്ങളും പ്രതിസന്ധികളും കടന്നുവരും. അതിനെ മറികടക്കാൻ നമ്മൾക്ക് ദൈവം നൽകിയിട്ടുള്ള ഒരു മാനുവൽ ആണ് വിശുദ്ധ ബൈബിൾ. അത് കൃത്യമായി പിന്തുടർന്നാൽ തന്നെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയുമെന്ന് ഡോക്ടർ ജോളി ജോസഫ് പറഞ്ഞു. കുടുംബസംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ.

വെറുതെ ക്രിസ്ത്യാനിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല.കൃത്യമായി ബൈബിൾ വായിക്കുകയും ശ്രദ്ധയോടെ ദൈവ വചനങ്ങൾ കേൾക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണം. കുടുംബത്തോടും സമൂഹത്തോടും നമുക്ക് പ്രതിബദ്ധത ഉണ്ടായിരിക്കണം . ഈ പ്രതിബദ്ധത പ്രശ്നങ്ങളെ ഇല്ലതാക്കുമെന്നും ഡോ. ജോളി അഭിപ്രായപ്പെട്ടു.

ക്രൈസ്തവ ചിന്ത ചീഫ് എഡിറ്റർ കെ.എൻ റസ്സൽ പങ്കുവെച്ച പഴയകാല സ്മരണകൾ പങ്കുവച്ചു. .കുടിയേറ്റ കാലം മുതൽ പഴക്കമുള്ള ചില വ്യക്തി ബന്ധങ്ങൾ, അക്കാലത്തെ ആരാധനയുടെ മാധുര്യം ഒക്കെ അയവിറക്കി. ഇല്ലായ്മയുടെയും വറുതിയുടെ കാലഘട്ടത്തെക്കുറിച്ചും സംസാരിച്ചു. അന്നും ഇന്നും ഇല്ലായ്മയിലൂടെ കടന്നുപോകുന്ന ജീവിതങ്ങളുണ്ട്. ഇല്ലായ്മയുടെ നീറുന്ന നൊമ്പരങ്ങൾ നന്നായി മനസ്സിലാക്കിയത് കൊണ്ടാണ് ക്രൈസ്തവ ചിന്ത ഇന്നും ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കുന്നതെന്ന് ചീഫ് എഡിറ്റർ കെ എൻ റസ്സൽ പറഞ്ഞു.

പാസ്റ്റർ സന്തോഷ് എടക്കര പ്രാർത്ഥിച്ചാരംഭിച്ച കുടുംബ സംഗമത്തിൽ പാസ്റ്റർ തോമസ് എബ്രഹാം അധ്യക്ഷത വഹിച്ചു. പ്രാന്ത പ്രദേശങ്ങളിൽ നിന്നുള്ള ഡിസ്ട്രിക്റ്റ് പാസ്റ്റർമാർ ,ലോക്കൽ ശുശ്രൂഷകന്മാർ നിരവധി ദൈവമക്കൾ എന്നിവർ കുടുംബ സംഗമത്തിൽ പങ്കാളികളായി. ഗാനശുശ്രൂഷയ്ക്ക് കെവിൻ സജി നേതൃത്വം നൽകി.പാസ്റ്റർ റോയിസൺ ജോണി നന്ദി രേഖപ്പെടുത്തി സംസ്സാരിച്ചു.പാസ്റ്റർ ജോജി ജോണി (അങ്കമാലി)ൻ്റെ പ്രാർത്ഥനയോടുകൂടി കുടുംബ സംഗമത്തിന് സമാപനം കുറിച്ചു.